ഇടുക്കി: വേനൽ അവധിയാണ്. വീട്ടിലിരുന്ന് ചൂടെടുത്തു പൊറുതിമുട്ടുകയാണ്. എന്നാൽ ഇത്തിരി തണുക്കാൻ മൂന്നാറിലേക്കൊരു യാത്ര പോയാലോ? ഐഡിയ കൊള്ളാം. പക്ഷേ, നിരാശപ്പെടേണ്ടി വരും. കാരണം മൂന്നാറിലും ഇപ്പോൾ റെക്കോഡ് ചൂടാണ്. ഏപ്രില്‍ 29ന് 29 ഡിഗ്രി സെല്‍ഷ്യസും 30ന് 30 ഡിഗ്രി സെല്‍ഷ്യസുമാണ് മൂന്നാറില്‍ രേഖപ്പെടുത്തിയത്.
അതായത് മുൻ വർഷങ്ങളിലെ അപേക്ഷിച്ച് നോക്കിയാൽ 2 മുതൽ 3 ഡിഗ്രിവരെ ചൂട് അധികമാണെന്ന് സാരം. ഇത്തവണ ഏപ്രില്‍ 15 മുതല്‍ 30 വരെ പകല്‍ 28 മുതല്‍ 30 ഡിഗ്രി വരെയായിരുന്നു ചൂട്. ഇക്കാലയളവില്‍ രാത്രിയും പുലര്‍ച്ചെയും 11 ഡിഗ്രി സെല്‍ഷ്യസ് വരെയായും താപനില താഴ്ന്നു.
1989-2000 കാലത്ത് പകല്‍ ഏറ്റവും കൂടിയ താപനില 25.6 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 16 മുതല്‍ 17.4 ഡിഗ്രി സെല്‍ഷ്യസും ആയിരുന്നു. 2011- 20ല്‍ പകല്‍ ഏറ്റവും ഉയര്‍ന്ന താപനില 26.1 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 15.7 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു.