തിരുവനന്തപുരം: ഷെഡ്യൂൾ സമയക്രമം പാലിക്കാതെ സ്ഥിരമായി യാത്രക്കാരെ വലക്കുന്ന സർവീസ് ആയി മാറി തിരുവനന്തപുരം സെൻട്രൽ ഡെപ്പോയിലെ മൂന്നാർ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് സർവീസ്. രാത്രി 10.30 ന് പുറപ്പെടേണ്ട സർവീസ് മിക്കപ്പോഴും പുറപ്പെടുന്നത് 1 മണിക്കൂർ വൈകി രാത്രി 11. 30 - 12 മണിക്കാണ്. ഓൺലൈൻ വഴി ദിവസങ്ങൾക്കു മുന്‍പേ ടിക്കറ്റ് ബുക്ക് ചെയ്തവരാണ് ഈ ദുരവസ്ഥ നേരിടുന്നത്.
അതേസമയം, ഇതിനു ശേഷമുള്ള മൂന്നാർ സർവീസുകളായ 11.15 നുള്ള മിന്നൽ, 11.45 നുള്ള സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് എന്നിവ കൃത്യം സമയം പാലിച്ച് തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നുണ്ട്. 8.45 നുള്ള മൂന്നാർ- മറയൂർ വഴി പോകുന്ന പഴനി സൂപ്പർ ഫാസ്റ്റ് ബസ് കഴിഞ്ഞാൽ പിന്നെ ഉള്ള മൂന്നാർ ബസ് 10.30 നുള്ള മൂന്നാർ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റാണ്.
സ്ഥിരമായി ഇപ്പോൾ ഈ ബസ് വൈകി തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്നതിനാൽ, പട്ടം,കേശവദാസപുരം, വട്ടപ്പാറ, തുടങ്ങി മറ്റു പോയിന്‍റ്കളിൽ നിന്ന് കയറുന്ന യാത്രക്കാർ മണിക്കൂറുകളോളം പെരുവഴിയിൽ അർദ്ധ രാത്രി കാത്തു നിൽക്കേണ്ട ഗതിഗേടിലാണ്. എത്തേണ്ട സമയം ആയിട്ടും കാണാത്തതിനാൽ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നവരും ഏറെയാണ്. ഇതുമൂലം കെഎസ്ആർടിസിക്ക് നഷ്ടവും ഏറുന്നു. ഇടയ്ക്ക് 11.45 ന്‍റെ മൂന്നാർ സർവീസും, 10.30 ന്‍റെ സർവീസും ഒരുമിച്ചു പുറപ്പെടുന്നതിനാലും സാമ്പത്തിക ബാധ്യത കൂടുന്നുണ്ട്.
മാത്രവുമല്ല വൈകി പുറപ്പെടുന്നതിനാൽ മതിയായ വിശ്രമം ഡ്രൈവർക്കോ, കണ്ടക്ടർക്കോ ലഭിക്കുന്നുമില്ല. ഉച്ചക്ക് 1 മണിക്ക് മൂന്നാറിൽ നിന്ന് തിരികെ, തിരുവനന്തപുരത്തേക്ക് തിരിക്കേണ്ടതുമാണ്. എന്നാൽ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ബസ് മൂന്നാറിൽ ചെന്ന് വീണ്ടും എത്തി ബസ് ഓടി എത്താൻ വൈകുന്നതാണ് കാരണമായി അധികൃതർ പറയുന്നത്. ദിവസങ്ങൾക്കു മുന്‍പേ യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനാൽ അതിനാൽ ഇതേ റൂട്ടിൽ മറ്റൊരു ബസ് ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ഒരു വശത്ത് ഉദ്യോഗസ്ഥരുടെ പിടിപ്പ് കേട് മൂലം വെള്ളാനയായി ബാധ്യത കൂടുമ്പോൾ മറുവശത്തു കെ എസ് ആർ ടി സി യെ രക്ഷപ്പെടുത്താൻ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന്‍റെ നേതൃത്വത്തിൽ സർക്കാർ ശ്രമിക്കുന്നുണ്ട് എന്നത് വസ്തുത ആണെങ്കിലും പലപ്പോഴും എല്ലാം വിഫലമാകുകയാണ്.