മുൻഗണന വിഭാഗത്തിലുളള റേഷൻ കാർഡ് മസ്റ്ററിങ് തീയതി നവംബർ 30 വരെ നീട്ടി

ആര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ കിട്ടാത്ത അവസ്ഥയുണ്ടാകില്ലെന്നും ആശങ്ക വേണ്ടെന്നും എല്ലാവരുടെയും മസ്റ്ററിങ് പൂര്‍ത്തിയായെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി ജി.ആര്‍. അനിൽ പറഞ്ഞു.
Mustering date for priority category ration cards extended to November 5
റേഷൻ കാർഡ് മസ്റ്ററിങ് തീയതി നീട്ടി Representative image
Updated on

തിരുവനന്തപുരം: മുൻഗണനാ വിഭാഗത്തിലുളള റേഷൻ കാർഡ് മസ്റ്ററിങ് തിയതി നവംബർ 30 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനിൽ അറിയിച്ചു. മുൻഗനാ റേഷൻ കാര്‍ഡുകളുള്ള 16ശതമാനത്തോളം പേര്‍ കൂടി സംസ്ഥാനത്ത് മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ള സാഹചര്യത്തിലാണ് തീയതി നീട്ടിയത്. മസ്റ്ററിങ് സമയപരിധി ഒക്ടോബര്‍ 25ന് അവസാനിച്ചിരുന്നു. ഇതാണിപ്പോള്‍ നവംബര്‍ 30 വരെ നീട്ടിയത്.

ആര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ കിട്ടാത്ത അവസ്ഥയുണ്ടാകില്ലെന്നും ആശങ്ക വേണ്ടെന്നും എല്ലാവരുടെയും മസ്റ്ററിങ് പൂര്‍ത്തിയായെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി ജി.ആര്‍. അനിൽ പറഞ്ഞു. മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിങ് സമയമാണ് പുതുക്കി നിശ്ചയിച്ചത്. ആദ്യഘട്ടത്തിൽ സെപ്തംബർ 18ന് തുടങ്ങി ഒക്ടോബർ 8ന് അവസാനിക്കുന്ന വിധത്തിലാണ് നേരത്തെ മുൻഗണനാ കാർഡുടമകളുടെ ബയോ മെട്രിക് മസ്റ്ററിങ് തീരുമാനിച്ചിരുന്നത്.

എന്നാൽ, 80 ശതമാനത്തിനടുത്ത് കാർഡുടമകളുടെ മസ്റ്ററിങ് മാത്രമാണ് ഈ സമയപരിധിക്കുള്ളിൽ പൂര്‍ത്തിയായത്. 20 ശതമാനത്തിനടുത്ത് പേർ മസ്റ്ററിങ്ന് എത്തിയിരുന്നില്ല. തുടര്‍ന്നാണ് ഒക്ടോബര്‍ 25വരെ മസ്റ്ററിങ് നീട്ടിയത്. ഇതിനുശേഷവും 16ശതമാനത്തോളം പേര്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കാനുണ്ടെന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും സമയം നീട്ടിയത്.

സുപ്രിംകോടതി ഉത്തരവനുസരിച്ച് കേന്ദ്ര സർക്കാരിന്‍റെ നിർദേശ പ്രകാരമാണ് മുൻഗണനാ പട്ടികയിലുള്ള മഞ്ഞ, പിങ്ക് റേഷൻ കാർഡുകാരുടെ ഇ-കെവൈസി അപ്ഡേഷൻ തുടങ്ങിയത്. ഒക്ടോബർ 31നകം മസ്റ്ററിങ് പൂർത്തിയാക്കാനായിരുന്നു കേന്ദ്രം സംസ്ഥാന സർക്കാരിന് നൽകിയ നിർദേശം. ചെയ്തില്ലെങ്കിൽ റേഷൻ വിഹിതം മുടങ്ങുമെന്നും കേന്ദ്രം അറിയിച്ചിരുന്നു.

റേഷൻ കാർഡും ആധാർ കാർഡുമായി കടകളിൽ നേരിട്ടെത്തിയാണ് മസ്റ്ററിങ് പൂർത്തിയാക്കേണ്ടത്. കാർഡ് ഉടമകൾ നേരിട്ടെത്തി ഇ പോസിൽ വിരൽ പതിപ്പിച്ച് ബയോ മെട്രിക് മസ്റ്ററിങ് പൂർത്തിയാക്കണം. എത്തിച്ചേരാൻ കഴിയാത്ത കിടപ്പ് രോഗികൾ, ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവർ എന്നിവരുടെ പേരു വിവരങ്ങൾ താലൂക്ക് സപ്ലൈ ഓഫീസറെയും റേഷൻ കടയുടമയെയും മുൻകൂട്ടി അറിയിക്കണം.

Trending

No stories found.

Latest News

No stories found.