തിരുവനന്തപുരം: വിദ്യാർഥികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിലേക്കു വരുമ്പോഴും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്. പക്ഷേ, ഇത് അപകടത്തിലേക്ക് നയിക്കാമെന്ന് മുന്നറിയിപ്പ് നൽകുന്നു സംസ്ഥാന മോട്ടോർ വാഹന വകുപ്പ്.
വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണെന്നും ജാഗ്രത പാലിക്കണമെന്നും മോട്ടോർവാഹന വകുപ്പ് വ്യക്തമാക്കുന്നു. അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർ, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവർ, മദ്യപിച്ച് വാഹനം ഓടിക്കുന്നവർ , മയക്കു മരുന്ന് ഉപയോഗിക്കുന്നവർ/കടത്തുന്നവർ, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവർ, കുട്ടികളോട് മോശമായി പെരുമാറുന്നവർ, മറ്റു ക്രിമിനൽ പശ്ചാത്തലമുള്ളവർ, എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ച് പോകുമ്പോൾ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകൾ അനവധിയാണ്.
അതിനാൽ കഴിവതും അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക. അപരിചിതരായ വ്യക്തികൾ അവരുടെ വാഹനത്തിൽ ലിഫ്റ്റ് തന്നാലും, കയറാൻ നിർബന്ധിച്ചാലും അത്തരം അവസരങ്ങൾ ഒഴിവാക്കണം.
സ്കൂൾ ബസുകൾ, പൊതു ഗതാഗത സംവിധാനങ്ങൾ എന്നിവ പരമാവധി ഉപയോഗിക്കണം. നടന്നു പോകാവുന്ന ദൂരം, റോഡിന്‍റെ വലതു വശം ചേർന്ന്, കരുതലോടെ നടക്കുക. നടത്തം ആരോഗ്യത്തിനും നല്ലതാണ്. സ്കൂൾ യാത്രകൾക്ക് മാത്രമല്ല, എല്ലാ യാത്രകൾക്കും ഇത് ബാധകമാണ്. യാത്രകൾ അപകടരഹിതമാക്കാൻ ശ്രദ്ധയോടും കരുതലോടും കൂടി മുന്നോട്ട് പോകാമെന്നും മോട്ടോർ വാഹന വകുപ്പ് നിർദേശിക്കുന്നു.