തിരുവനന്തപുരം: ഗതാഗത നിയമങ്ങള്‍ ലംഘിച്ചുവെന്ന് പറഞ്ഞ് പിഴയടക്കണമെന്നാവശ്യപ്പെട്ട് വരുന്ന സന്ദേശങ്ങളില്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇത്തരം സന്ദേശമോ പേയ്മെന്‍റ് ലിങ്കോ നിങ്ങളുടെ മൊബൈലില്‍ വരില്ലെന്നും എംവിഡി മുന്നറിയിപ്പില്‍ പറയുന്നു. അറിഞ്ഞോ അറിയാതെയോ ഒരു ട്രാഫിക് നിയലംഘനം നടത്തിയിട്ടുണ്ടോ സ്വയം ഉറപ്പാക്കുക.
ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലെന്ന് ഉറപ്പാണെങ്കില്‍ ശ്രദ്ധിക്കുക. ഒരു നിമിഷം നമ്മെ പരിഭ്രാന്തരാക്കാന്‍ ഇത്തരം മെസേജുകള്‍ക്ക് സാധിക്കും. നമ്മുടെ ആ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കും വിധം മനഃശാസ്ത്രപരമായി സെറ്റ് ചെയ്തിട്ടുള്ളവയാകും ഒട്ടുമിക്ക വ്യാജസന്ദേശങ്ങളും.
ഒരു പേയ്മെന്‍റ് ലിങ്ക് "മുസ ആപ്പ് ' വഴി വാട്സ്ആപ്പിലേയ്ക്ക് വരികയാണ് ചെയ്യുന്നത്. അതിലൂടെയാണ് തട്ടിപ്പ്. എന്നാൽ അങ്ങനെ മെസേജ് അയയ്ക്കുന്ന സംവിധാനം മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേയ്സിന് ഇല്ലെന്നും ഇത്തരം ലിങ്കുകൾ ഓപ്പണ്‍ ചെയ്യാതെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് ഓഫീസുമായി ബന്ധപ്പെട്ട് ഇതിന്‍റെ സാധുത ഉറപ്പാക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.
മോട്ടോര്‍ വാഹനവകുപ്പിന്‍റെ പോര്‍ട്ടല്‍ echallan.parivahan.gov.in ആണെന്നും എംവിഡി കുറിക്കുന്നു. മെസേജുകള്‍ പരിവാഹന്‍ പോര്‍ട്ടലില്‍ നിന്നും നിങ്ങളുടെ രജിസ്ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് മാത്രമേ വാഹനനമ്പര്‍ സഹിതം നിയമലംഘന അറിയിപ്പുകള്‍ വരികയുള്ളൂ.