തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ ജില്ലാകലക്റ്ററെ മാറ്റിനിർത്തി അന്വേഷണം വേണമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ആരെ രക്ഷിക്കാനാണ് കലക്റ്റർ കള്ളം പറയുന്നതെന്നും വി. മുരളീധരൻ ചോദിച്ചു. സ്റ്റാഫ് കൗൺസിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചതെങ്കിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എങ്ങനെ എത്തി എന്ന ചോദ്യം ബാക്കിയാണ്.
കലക്റ്ററുടെ ഓഫിസിലേക്ക് മുൻകൂർ അനുമതിയില്ലാതെ ക്യാമറാമാന് കയറാനാവില്ലെന്നും വി. മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു. ബിജെപിക്കെതിരെ മൽസരിക്കാൻ സിപിഎമ്മിന് ആളെ കിട്ടാത്ത അവസ്ഥയെന്ന് വി. മുരളീധരൻ പരിഹസിച്ചു. പാലക്കാട് മത്സരിപ്പിക്കാൻ വി.ഡി. സതീശൻ പിണറായിക്ക് ഒരാളെ കടംകൊടുക്കുകയായിരുന്നു.
ഈ പോക്ക് പോയാൽ എത്രകാലം പാർട്ടിയുണ്ടാകുമെന്ന് ചിന്തിക്കുന്നത് നല്ലതെന്നും വി.മുരളീധരൻ പറഞ്ഞു. ഡീൽ എന്ന് പറയുന്നവർക്കുള്ള ഉത്തരം കൂടിയാണ് പാലക്കാട് കണ്ടതെന്നും അദേഹം കൂട്ടിച്ചേർത്തു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ബിജെപി പ്രവർത്തനം തുടങ്ങിയെന്നും വലിയ പ്രതീക്ഷയുണ്ടെന്നും മുരളീധരൻ പറഞ്ഞു.