കളക്റ്റർ ബ്രോയ്ക്കും വാട്ട്സാപ്പ് ഗോപാലകൃഷ്ണനും വീട്ടിലിരിക്കാം

സിവിൽ സർവീസ് വിവാദം: മേലുദ്യോഗസ്ഥരെ വിമർശിച്ചതിന് എൻ. പ്രശാന്തിനും മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയതിന് കെ. ഗോപാലകൃഷ്ണനും സസ്പെൻഷൻ
എൻ. പ്രശാന്ത്, കെ. ഗോപാലകൃഷ്ണൻ | N Prasanth, K Gopalakrishnan
എൻ. പ്രശാന്ത്, കെ. ഗോപാലകൃഷ്ണൻ
Updated on

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കിയ സിവിൽ സർവീസ് വിവാദത്തിൽ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ. മേലുദ്യോഗസ്ഥരെ വിമർശിച്ചതിന് എൻ. പ്രശാന്തിനും മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയതിന് കെ. ഗോപാലകൃഷ്ണനും എതിരേയാണ് നടപടി. ഇരുവർക്കുമെതിരേ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണിത്.

കളക്റ്റർ ബ്രോ എന്നറിയപ്പെടുന്ന കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പ്രശാന്ത്, സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്നാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിലുള്ളത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരേ നടത്തിയ പരസ്യ വിമര്‍ശനവും അധിക്ഷേപവുമാണ് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമായി വ്യാഖ്യാനിക്കപ്പെടുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളെ നാണക്കേടിലാക്കും വിധം ഫെയ്സ്ബുക്കിൽ നടത്തിയ വിഴുപ്പലക്കല്‍ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.

പ്രശാന്തിന്‍റെ വിമര്‍ശനം പൊതുസമൂഹത്തിനു മുന്നിലുള്ളതായതിനാല്‍ പ്രശാന്തില്‍ നിന്ന് വിശദീകരണം ചോദിക്കേണ്ടതില്ലെന്ന നിലപാടാണ് ചീഫ് സെക്രട്ടറി സ്വീകരിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ തിരക്കിലായിരിക്കേ തലസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ടായ ചേരിപ്പോര് സര്‍ക്കാരിന് തലവേദനയായിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസ് ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടുകയായിരുന്നു.

അതേസമയം, മലയാളികളായ ഹിന്ദു ഐഎഎസ് ഓഫീസര്‍മാരെ ചേർത്ത് വാട്‌സാപ്പ് ഗ്രൂപ്പ് ആരംഭിച്ചതാണ് വ്യവസായ വകുപ്പ് ഡയറക്റ്റര്‍ കെ. ഗോപാലകൃഷ്ണനെതിരായ നടപടിക്കു കാരണം. ഹിന്ദു, മുസ്‌ലിം മതവിഭാഗങ്ങളിലുൾപ്പെട്ട ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയതിൽ തനിക്ക് പങ്കില്ലെന്നും ഫോൺ ഹാക്കിങ് ആണെന്നുമുള്ള ഗോപാലകൃഷ്ണന്‍റെ മറുപടി തൃപ്തികരമല്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ വിലയിരുത്തൽ. റിപ്പോർട്ടിൽ ഉചിതമായ നടപടിക്കാണ് ശുപാർശ ചെയ്തിരുന്നത്.

മല്ലു ഹിന്ദു ഒഫീഷ്യൽസ് എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിന് പിന്നാലെ മുതിർന്ന ഉദ്യോഗസ്ഥരടക്കം എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ഇതോടെ, പൊലീസിൽ പരാതി നൽകിയ ഗോപാലകൃഷ്ണൻ മൊബൈലുകൾ ഫോർമാറ്റ് ചെയ്തതും തിരിച്ചടിയായി. മെറ്റയുടെയും ഫോറൻസിക് ലാബിലെയും പരിശോധനയും ഹാക്കിങ് വാദം തള്ളിയതിനാൽ ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്ന തരത്തിലുള്ള റിപ്പോർട്ടാണ് പൊലീസ് മേധാവിയും ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ചത്.

രണ്ട് ഉദ്യോഗസ്ഥരുടെയും കാര്യത്തിൽ നടപടി തീരുമാനിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണെന്നാണ് സൂചന.

പ്രശാന്തിനു പിന്തുണയുമായി മുതിർന്ന ഉദ്യോഗസ്ഥർ

പ്രശാന്തിനെതിരേ നടപടി ശുപാർശ ചെയ്ത് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ മുഖ്യമന്ത്രിക്കു നൽകിയ റിപ്പോര്‍ട്ടിനെതിരേ മുതിര്‍ന്നവര്‍ ഉള്‍പ്പെടെ ഒരു വിഭാഗം ഐഎഎസ് ഉദ്യോഗസ്ഥര്‍ രംഗത്ത് വന്നു. സര്‍ക്കാര്‍ ഉത്തരവില്ലാതെ സ്വന്തം നിലയ്ക്കാണു പ്രശാന്തിനെതിരേ ജയതിലക് റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് ഒരു വിഭാഗത്തിന്‍റെ വാദം. ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും അന്തിമ തീരുമാനമെടുക്കും മുന്‍പ് ഉദ്യോഗസ്ഥര്‍ക്കെതിരായ അച്ചടക്കനടപടി റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം പോലും പുറത്തുവിടാന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്‍റെ ലംഘനമാണ് ഇപ്പോള്‍ നടന്നതെന്നു പ്രശാന്തിനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു.

എന്നാല്‍, മുതിര്‍ന്ന ഉദ്യോഗസ്ഥന്‍റെ ഫോട്ടോ ഉള്‍പ്പെടെ സമൂഹമാധ്യമത്തില്‍ ഉപയോഗിച്ചു രൂക്ഷമായി പ്രതികരിക്കുന്നത് അച്ചടക്ക ലംഘനമാണെന്നാണു ജയതിലകിനൊപ്പമുള്ളവരുടെ വാദം. പ്രശാന്തിനോട് രേഖാമൂലം വിശദീകരണം പോലും തേടാതെ ചീഫ് സെക്രട്ടറി കര്‍ശന നടപടി വേണമെന്ന ശുപാര്‍ശ ചെയ്തത് എന്തടിസ്ഥാനത്തിലെന്നാണ് പ്രശാന്തിനൊപ്പം നില്‍ക്കുന്നവര്‍ ചോദിക്കുന്നത്. പ്രശാന്ത് സര്‍ക്കാരിനെയോ സര്‍ക്കാരിന്‍റെ നയങ്ങളെയോ വിമര്‍ശിച്ചിട്ടില്ല. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍റെ ചിത്രം സഹിതം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് പ്രതികരിച്ചത് തെറ്റാണ്. എങ്കിലും പ്രശാന്തിന്‍റെ കൂടി രേഖാമൂലം വിശദീകരണം തേടേണ്ടതായിരുന്നുവെന്നും ഒരു വിഭാഗം സമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നു.

അതിനിടെ, ഗോപാലകൃഷ്ണന്‍റെ മല്ലു ഹിന്ദു വാട്ട്‌സാപ്പ് ഗ്രൂപ്പ് വിവാദം മറയ്ക്കാനാണ് ജയതിലകും ഗേപാലകൃഷ്ണനും ചേര്‍ന്ന് പ്രശാന്തിനെതിരേ റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Trending

No stories found.

Latest News

No stories found.