മിൽമയ്ക്ക് തലവേദനയൊഴിയുന്നു; കേരളത്തിൽ നിന്നു പിൻവാങ്ങി നന്ദിനി

കേരളത്തിൽ മിൽമയേക്കാൾ 7 രൂപയോളം കുറച്ചാണ് നന്ദിനി പാലും പാലുൽപന്നങ്ങളും വിറ്റഴിച്ചിരുന്നത്
മിൽമയ്ക്ക് തലവേദനയൊഴിയുന്നു; കേരളത്തിൽ നിന്നു പിൻവാങ്ങി നന്ദിനി
Updated on

തിരുവനന്തപുരം: കേരളത്തിൽ നിന്നും പിൻവാങ്ങി കര്‍ണാടക കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്‍. കേരള സര്‍ക്കാരും കര്‍ണാടക സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചയുടെ ഫലമായാണ് നന്ദിനിയുടെ പിൻവാങ്ങൽ. കേരളത്തിൽ നന്ദിനിയുടെ പുതിയ ഔട്ടലെറ്റുകൾ തുറക്കാനിരിക്കെയാണ് നിർണായക നീക്കം.

സംസ്ഥാനത്ത് പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കില്ലെന്ന് രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടുണ്ട്. നന്ദിനിയുടെ തലപ്പത്ത് ബിജെപി ഭരണം പോയി കോണ്‍ഗ്രസ് വന്നതാണ് അനുകൂലമായതെന്നും മന്ത്രി ജെ.ചിഞ്ചുറാണി പ്രതികരിച്ചു.

കേരളത്തിലേക്കുള്ള നന്ദിനിയുടെ കടന്നു വരവ് മിൽമയ്ക്ക് ഭീഷണിയായിരുന്നു. സംസ്ഥാന സർക്കാരും മിൽമയും നന്ദിനിയുമായി ചർച്ച നടത്തിയെങ്കിലും പിൻമാറാൻ നന്ദിനി തയാറായിരുന്നില്ല. കൊച്ചിയിലും മഞ്ചേരിയിലും തിരൂരിലും പന്തളത്തും അടക്കം നന്ദിനി പുതിയ ഔട്ട്ലറ്റുകള്‍ തുറന്നിട്ടുണ്ട്. മില്‍മയുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചായിരുന്നു നന്ദിനിയുടെ നീക്കം.

കേരളത്തിലെ ചെറിയ സ്റ്റോറുകളില്‍ വരെ നന്ദിനി ബ്രാന്‍ഡ് എത്തിയതോടെയാണ് മില്‍മയ്ക്ക് തലവേദനയായത്. രാജ്യത്തെ പാല്‍ വിപണന രംഗത്ത് ഒന്നാമനായ ഗുജറാത്ത് ബ്രാന്‍ഡ് അമുലും രണ്ടാം സ്ഥാനക്കാരായ നന്ദിനിയും തമ്മിലുള്ള മത്സരം കര്‍ണാടകയ്ക്ക് പുറത്തേക്ക് വ്യാപിക്കുകയാണ്.

മറ്റു സംസ്ഥാനങ്ങളിൽ നന്ദിനിയുടെ വരവ് വലിയ തോതിൽ ബാധിച്ചില്ലെങ്കിലും കേരളത്തെ അത് സാരമായി ബാധിച്ചു. മിൽമയേക്കാൾ 7 രൂപയോളം കുറച്ചാണ് നന്ദിനി പാലും പാലുൽപന്നങ്ങളും വിറ്റഴിച്ചിരുന്നത്. ഇത് മിൽമയുടെ വിൽപ്പനയെ കാര്യമായി ബാധിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.