കൊച്ചി: കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയ്ക്കു വലിയ മാറ്റമിടുമെന്നു പ്രതീക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടുദിന കേരള സന്ദർശനത്തിന് ഇന്നു തുടക്കം. വൈകിട്ട് 5ന് കൊച്ചി നാവിക കമാൻഡ് വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തുക. തുടര്‍ന്ന് അവിടെനിന്ന് റോഡ് ഷോയില്‍ പങ്കെടുത്ത് തേവര സേക്രഡ് ഹാർട്ട് കോളെജിൽ യുവം എന്ന യൂത്ത് കോൺക്ലേവിൽ പങ്കെടുക്കും.
അതിനു ശേഷം രണ്ടു കർദിനാൾമാർ അടക്കം കേരളത്തിലെ എട്ടു പ്രമുഖ ക്രൈസ്തവ സഭാ തലവന്മാരുമായി കൂടിക്കാഴ്ച. രാഷ്ട്രീയ, ജാതി, മത പരിഗണതയില്ലാതെ വിവിധ മേഖലകളിലെ യുവാക്കളുടെ സഞ്ചയം യുവം പരിപാടിയിൽ പങ്കെടുക്കും. ഒന്നര ലക്ഷത്തോളം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കലാ- സാസ്കാരിക - കായിക- സിനിമാ മേഖലയിലുള്ള പ്രമുഖരും കോൺക്ലേവിൽ പങ്കെടുക്കും. ഇവർ ആരൊക്കെ എന്നത് ഇപ്പോഴും സസ്പെൻസാണ്.
നാളെ രാവിലെ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി 10.30ന് കേരളത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയ്ൻ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് സെൻട്രൽ സ്റ്റേഡിയത്തിൽ കൊച്ചി ജല മെട്രോ പദ്ധതി അടക്കമുള്ളവയുടെ ഉദ്ഘാടനം നിര്‍വഹിക്കും. 3,000 കോടിയോളം രൂപ മുതൽമുടക്കുള്ള ഒട്ടേറെ പദ്ധതികൾക്കു തുടക്കമിടും.
സിറോ മലബാര്‍, സിറോ മലങ്കര, ലത്തീന്‍, ഓര്‍ത്തഡോക്സ്, യാക്കോബായ, മര്‍ത്തോമ, രണ്ട് ക്നാനായ സഭകള്‍, കല്‍ദായ, ക്നാനായ കത്തോലിക്ക സഭ, ക്നാനായ യാക്കോബായ സഭ, പൗരസ്ത്യ സിറിയന്‍ കല്‍ദായ സഭ തുടങ്ങിയ സഭകളുടെ നേതൃത്വവുമായാണ് ഇന്നു മോദി കൂടിക്കാഴ്ച നടത്തുക.
പഴുതടച്ച സുരക്ഷയാണ് കൊച്ചിയിൽ ഒരുക്കിയിട്ടുള്ളത്. 2,000ത്തിലധികം പോലീസുകാരെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. ഇന്നും, നാളെയും കൊച്ചി സിറ്റിയില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. നാളെ തിരുവനന്തപുരത്തും ഉച്ചവരെ ഗതാഗത നിയന്ത്രണമുണ്ട്.