ആലുവ: നവകേരള സദസിന്‍റെ സമ്മേളന വേദിക്ക് സമീപം ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ലെന്ന വിചിത്ര സര്‍ക്കുലറില്‍ മാറ്റം വരുത്തി പൊലീസ്. നവ കേരള സദസ് നടക്കുന്ന 2 മണിക്കൂര്‍ മാത്രം ഗ്യാസ് ഉപയോഗിക്കരുതെന്നാണ് കച്ചവടക്കാര്‍ക്ക് നൽകിയിരിക്കുന്ന പുതിയ നിര്‍ദേശം. നവകേരള സദസ് നടക്കുന്ന ദിവസം മുഴുവന്‍ ഗ്യാസ് ഉപയോഗിക്കരുതെന്ന നിര്‍ദേശം വിവാദമായതോടെയാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.
ആലുവ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കാണ് ആലുവ ഈസ്റ്റ് പൊലീസിന്‍റെ നിർദേശം. പാചകം പാടില്ലെന്നും ഭക്ഷണം മറ്റുസ്ഥലങ്ങളില്‍ ഉണ്ടാക്കി കടയില്‍ എത്തിച്ച് വില്‍ക്കണമെന്നും പൊലീസിന് നിർദേശത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ മാസം 7 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സദസ് ആലുവ പ്രൈവറ്റ് ബസ് സ്റ്റാഡിൽ വച്ച് നടക്കുന്നുണ്ട്. പരിപാടിയുടെ സുഗമമായ നടത്തിപ്പിനും സുരക്ഷ ഉറപ്പാക്കുന്നതിന്‍റേയും ഭാഗമായി ജോലി ചെയ്യുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കണമെന്നും പൊലീസ് നോട്ടീസില്‍ പറയുന്നു.
പരിശോധനകള്‍ക്ക് ശേഷം തൊഴിലാളികള്‍ക്ക് താല്‍ക്കാലിക തിരിച്ചറിയല്‍ കാര്‍ഡ് സ്റ്റേഷനില്‍ നിന്ന് നല്‍കും. അതിനായി തൊഴിലാളികള്‍ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും തിരിച്ചറിയല്‍ രേഖയും നല്‍കണം. പൊലീസ് നല്‍കുന്ന തിരിച്ചറിയില്‍ കാര്‍ഡ് ഇല്ലാത്തയാളുകളെ ഈ സ്ഥലത്ത് ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും പൊലീസിന്‍റെ വിചിത്ര സർക്കുലറിൽ പറയുന്നു.