പുതിയ കർദിനാൾമാരിൽ തൃശൂരിൽ കുടുംബ വേരുകളുള്ള മലേഷ്യൻ ബിഷപ്പും

മലേഷ്യയിലെ പെനാങ് രൂപതാധ്യക്ഷനായ ബിഷപ് സെബാസ്റ്റ്യൻ ഫ്രാൻസിസിന്‍റെ കുടുംബവേരുകൾ തൃശൂരിലെ ഒല്ലൂരിൽ
പുതിയ കർദിനാൾമാരിൽ തൃശൂരിൽ കുടുംബ വേരുകളുള്ള മലേഷ്യൻ ബിഷപ്പും
Updated on

സ്വന്തം ലേഖകൻ

തൃശൂർ: ഫ്രാൻസിസ് മാർപാപ്പ കർദിനാൾമാരായി ഉയർത്തുന്ന 21 പേരിൽ കേരളത്തിൽ വേരുകളുള്ള മലേഷ്യൻ ബിഷപ്പും. മലേഷ്യയിലെ പെനാങ് രൂപതാധ്യക്ഷനായ ബിഷപ് സെബാസ്റ്റ്യൻ ഫ്രാൻസിസാണിത്. വത്തിക്കാനിൽ സെപ്റ്റംബർ 30നു നടക്കുന്ന ചടങ്ങിൽ പുതിയ കർദിനാൾമാരെ വാഴിക്കും.

എഴുപത്തൊന്നുകാരനായ ബിഷപ് സെബാസ്റ്റ്യൻ ഫ്രാൻസിസിന് മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിലും അംഗത്വം ലഭിക്കും. എൺപതു വയസിൽ താഴെയുള്ള കർദിനാൾമാർക്കാണ് കോൺക്ലേവിൽ പങ്കെടുക്കാൻ അർഹതയുള്ളത്. പങ്കെടുക്കുന്ന എല്ലാവർക്കും സാങ്കേതികമായി മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടാനും യോഗ്യതയുണ്ട്.

2012ൽ പെനാങ് രൂപതാധ്യക്ഷനായി നിയോഗിക്കപ്പെട്ട സെബാസ്റ്റ്യൻ ഫ്രാൻസിസ്, 2019 മുതൽ മലേഷ്യ, സിംഗപ്പൂർ, ബ്രൂണെയ് എന്നിവിടങ്ങളിലെ കത്തോലിക്കാ ബിഷപ് കോൺഫറൻസിന്‍റെ പ്രസിഡന്‍റ് കൂടിയാണ്.

1890കളിൽ തൃശൂരിലെ ഒല്ലൂരിൽനിന്ന് മലേഷ്യയിലേക്കു (അന്നത്തെ മലയ) കുടിയേറിതാണ് അദ്ദേഹത്തിന്‍റെ പൂർവികർ. ഒല്ലൂർ മേച്ചേരി കുടുംബാംഗങ്ങളായിരുന്നു ഇവർ.

സെബാസ്റ്റ്യൻ ഫ്രാൻസിസിന്‍റെ പിതവാ് ജോസഫ് ഫ്രാൻസിസ് മേച്ചേരി വിവാഹം കഴിച്ചതും തൃശൂർ കൊള്ളന്നൂർ കുടുംബാംഗമായ മേരിയെയാണ്. മേരിയും ജനിച്ചുവളർന്നത് മലേഷ്യയിൽ തന്നെ.

1951ൽ സെബാസ്റ്റ്യൻ ഫ്രാൻസിസ് ജനിച്ചതും മലേഷ്യയിലാണ്. സിംഗപ്പൂരിലെ സെന്‍റ് ഫ്രാൻസിസ് സേവ്യേഴ്സ് മൈനർ സെമിനാരിയിലായിരുന്നു വൈദിക പഠനം. റോമിലെ സെന്‍റ് തോമസ് അക്വിനാസ് യൂണിവേഴ്സിറ്റി, ന്യൂയോർക്കിലെ മേരിനോൾ സ്കൂൾ ഓഫ് തിയോളജി എന്നിവിടങ്ങളിൽ ഉപരിപഠനം.

ഒല്ലൂരിലെയും കുരിയച്ചിറയിലുമുള്ള കുടുംബവേരുകൾ തേടി ആറു വർഷം മുൻപ് ബിഷപ് സെബാസ്റ്റ്യൻ ഫ്രാൻസിസ് തൃശൂരിലെത്തിയിരുന്നു. പിന്നീട്, കഴിഞ്ഞ വർഷം സെന്‍റ് തോമസിന്‍റെ ഭാരത പ്രവേശനത്തിന്‍റെ ജൂബിലി സമാപനത്തിന് പാലയൂരിലെ മഹാതീർഥാടന വേദിയിലുമെത്തി.

Trending

No stories found.

Latest News

No stories found.