തിരുവനന്തപുരം: ബസിന് സ്പീഡില്ലാത്തതിനാൽ യാത്രക്കാർ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റുകളെ ഒഴിവാക്കുമ്പോൾ, അതേ ബസുകളിൽ പ്രതീക്ഷ വച്ച് പ്രതിദിന വരുമാനം 8 കോടി രൂപയിൽ എത്തിക്കാൻ കെഎസ്ആർടിസിയുടെ പദ്ധതി. നിലവിൽ 7 കോടിക്ക് താഴെയാണ് കോർപ്പറേഷന്റെ ശരാശരി വരുമാനം.
ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വരുമാനത്തിൽ വലിയ കുറവുണ്ടായി. ഇതോടെ, പരമാവധി ബസുകൾ ഓടിക്കുകയും പുതുതായി സ്വിഫ്റ്റിന് ലഭിച്ച 131 ബസ് ലാഭകരമായ റൂട്ടിൽ സർവീസ് നടത്തുന്നതിലൂടെയും ലക്ഷ്യം നേടാൻ കഴിയുമെന്നാണ് കോർപ്പറേഷന്റെ കണക്കുകൂട്ടൽ. 5,400 ബസ് ഉള്ളതിൽ ശരാശരി 4,250 ബസാണ് നിരത്തിലിറക്കുന്നത്. കട്ടപ്പുറത്ത് കിടക്കുന്നതിൽ 70 ശതമാനവും ഓർഡിനറി ബസുകളാണ്. അവ അറ്റകുറ്റപ്പണി നടത്തി ലാഭകരമായ റൂട്ട് കണ്ടെത്തി ഓടിക്കും.
ഓരോ സോണിലുമുള്ള കട്ടപ്പുറത്തായ ബസുകളുടെ സ്ഥിതിവിവരങ്ങൾ ശേഖരിച്ചു. ബജറ്റിൽ വർക്ക്ഷോപ്പുകളുടെ നവീകരണത്തിനും വാഹനങ്ങളുടെ നവീകരണത്തിനുമായി 100 കോടി വകയിരുത്തിയിട്ടുണ്ട്. അടുത്തയാഴ്ച തന്നെ പുതിയ മുഴുവൻ സൂപ്പർ ഫാസ്റ്റ് ബസുകളും നിരത്തിലിറക്കും. ഇതോടെ 297 ആയി സ്വിഫ്റ്റ് ബസുകളുടെ എണ്ണം കൂടും. സ്വിഫ്റ്റ് സർവീസിലൂടെ ശരാശരി കിലോമീറ്ററിന് 18 രൂപ ലാഭമുണ്ടാകുന്നതായാണ് കണക്ക്. പുതിയ സർവീസുകളിലൂടെ 3 കോടി രൂപയെങ്കിലും കൂടുതലായി കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
അതേസമയം, പുതിയ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് മറ്റ് സൂപ്പർ ഫാസ്റ്റുകളേക്കാൾ വേഗം കുറവാണെന്ന് ചൂണ്ടിക്കാട്ടി യാത്രക്കാർ പുതിയ ബസുകളെ ഒഴിവാക്കുന്നതായി ഡ്രൈവർമാർ തന്നെ സമ്മതിക്കുന്നു. സ്വിഫ്റ്റിൽ വേഗപ്പൂട്ട് മണിക്കൂറിൽ 60 കിലോമീറ്റർ ആയി നിജപ്പെടുത്തിയതാണ് വേഗത കുറയാനും യാത്രക്കാർ അവഗണിക്കാനും കാരണമായിരിക്കുന്നത്.
കെഎസ്ആർടിസിയുടെ പഴയ സൂപ്പർ ഫാസ്റ്റുകൾ മണിക്കൂറിൽ 80 കിലോമീറ്റർ സ്പീഡിലാണ് സഞ്ചരിക്കുന്നത്. എന്നാൽ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് പുതുതായി ഇറക്കിയ 131 പുതിയ ബസുകളിൽ വേഗപ്പൂട്ട് ഘടിപ്പിച്ചതോടെ സ്പീഡ് കുറഞ്ഞു. നാലുവരി പാതയിൽ ബസുകൾക്ക് അനുവദിച്ചിട്ടുള്ള മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ പോലും സ്വിഫ്റ്റ് ബസുകൾക്ക് സഞ്ചരിക്കാനാകാത്ത അവസ്ഥയാണ്. ഇതുമൂലം ദീർഘ ദൂര യാത്രക്കാരാണ് വലയുന്നത്.
കഴിഞ്ഞ ദിവസം വൈറ്റിലയിൽ നിന്നും തൃശൂരേക്കുള്ള സ്വിഫ്റ്റ് ബസിലെ യാത്രയിൽ യാത്രക്കാർ ഡ്രൈവർമാരോട് പരാതി അറിയിക്കുകയും ബസിൽ നിന്നും ഇറങ്ങി മറ്റ് സർവീസുകളെ ആശ്രയിക്കുകയും ചെയ്തിരുന്നു. ഇത് കണക്കിലെടുത്ത് വേഗനിയന്ത്രണം അടിയന്തരമായി നീക്കാനുള്ള സംവിധാനമൊരുക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. അല്ലാത്ത പക്ഷം വരും ദിവസങ്ങളിലെ കലക്ഷനിൽ കുത്തനെ കുറവ് വരുമെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റുകൾ പലതും വേഗപ്പൂട്ട് പ്രവർത്തന രഹിതമാക്കിയാണ് സർവീസ് നടത്തുന്നതെന്നും ഇതേരീതിയിൽ സർവീസ് അനുവദിക്കാനാകില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ വാദം.