'ഞാൻ വിമതനല്ല'; പുതുപ്പള്ളിയിൽ മത്സരിക്കുമെന്ന വാർത്തകൾ തള്ളി നിബു ജോൺ

സിപിഎം നേതാക്കളും താൻ ഇടതു സ്ഥാനാർഥിയാണെന്ന് വാർത്ത നിഷേധിച്ചിട്ടുണ്ട്
Nibu John | oommen chandy
Nibu John | oommen chandy
Updated on

കോട്ടയം: പുതുപ്പള്ളിയിൽ കോൺഗ്രസ് വിമതനായി മത്സരിക്കുമെന്ന വാർത്തകൾ തള്ളി നിബു ജോൺ. പുതുപ്പള്ളിയിൽ താൻ മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ വിമതനായി നിൽക്കുമെന്ന വാർത്ത എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും, മത്സരിക്കണമെന്നാവശ്യപ്പെട്ട് ഒരു പാർട്ടിയും തന്നെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

''തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്നു തവണ മത്സരിച്ചതു തന്നെ ഉമ്മന്‍ ചാണ്ടി നിര്‍ബന്ധിച്ചതു കൊണ്ടാണ്. എന്‍റെ പേരു വന്നപ്പോള്‍ പലപ്പോഴും ഞാന്‍ മാറി നില്‍ക്കാനാണ് ശ്രമിച്ചത്. ഇപ്പോള്‍ തന്‍റെ പേര് വന്നതെങ്ങനെയെന്ന് അറിയില്ല. ഇത്തരമൊരു ആവശ്യവുമായി താനും ആരെയും സമീപിച്ചിട്ടില്ല'', അദ്ദേഹം പറഞ്ഞു.

സിപിഎം നേതാക്കളും താൻ ഇടതു സ്ഥാനാർഥിയാണെന്ന വാർത്ത നിഷേധിച്ചിട്ടുണ്ട്. നിലവിൽ പാർട്ടിയുമായി സഹകരിച്ചാണ് പോവുന്നത്. പുതുപ്പള്ളി സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തിയുള്ളതായി അറിയില്ല. തന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വാര്‍ത്തകള്‍ കോണ്‍ഗ്രസിലെ നേതാക്കള്‍ ഒരു തമാശയായി മാത്രമേ കാണുന്നുള്ളൂവെന്നും നിബു ജോണ്‍ പ്രതികരിച്ചു.

ബന്ധു മരിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം നാട്ടിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനായില്ല, അതാവാം തനിക്ക് അതൃപ്തി ഉണ്ടെന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വരുന്നത്. വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിന് ഒരു പഞ്ഞവുമില്ലാത്ത നാടാണല്ലോ നമ്മുടേതെന്നും നിബു ജോണ്‍ പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗമാണ് നിലവില്‍ നിബു ജോണ്‍.

അതേസമയം, കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ഇന്നലെ രാത്രി നടന്ന നീണ്ട ചര്‍ച്ചയിലൂടെയാണ് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനെ അനുനയിപ്പിച്ച് നിര്‍ത്തിയതെന്നാണ് വിവരം. കെപിസിസി പ്രസിഡന്‍റ്, പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ പ്രശ്‌നത്തില്‍ ഇടപെട്ടതായാണ് വിവരം.

Trending

No stories found.

Latest News

No stories found.