തിരുവനന്തപുരം: മുന്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്‍റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ അച്ചടക്ക നടപടി നേരിട്ട എംഎസ്എം കോളെജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് താഹയ്ക്ക് വീണ്ടും ചുമതല നല്‍കാനുള്ള നീക്കത്തിന് തിരിച്ചടി. ക്രമക്കേടില്‍ നടപടി നേരിട്ട അധ്യാപകന് പ്രിന്‍സിപ്പല്‍ ചുമതല നല്കാനാകില്ലെന്ന് വൈസ് ചാൻസലർ ഡോ. മോഹനന്‍ കുന്നുമ്മല്‍ നിലപാട് എടുക്കുകയായിരുന്നു.
ഡോ. മുഹമ്മദ് താഹയ്ക്ക് പ്രിന്‍സിപ്പലിന്‍റെ പൂര്‍ണചുമതല നല്കാനുള്ള ഫയലിന് ഷിജുഖാന്‍റെ നേതൃത്വത്തിലുള്ള സിന്‍ഡിക്കേറ്റ് ഉപസമിതി അംഗീകാരം നല്കി. എന്നാല്‍ വെള്ളിയാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഫയല്‍ എത്തിയതോടെ വിസി എതിര്‍പ്പ് ഉന്നയിക്കുകയായിരുന്നു.
നിഖില്‍ തോമസ് കായംകുളം എംഎസ്എം കോളെജില്‍ എംകോമിന് ചേര്‍ന്നത് ബികോം ജയിക്കാതെയാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി വന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിനെ 2023 ജൂണ്‍ 23നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രിന്‍സിപ്പലിന്‍റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായതിനെ തുടര്‍ന്നാണ് മുഹമ്മദ് താഹയ്ക്കെതിരേ നടപടിയെടുത്തത്.