കാസര്‍ഗോഡ്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി ഉയർന്നു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു യുവാവ് കൂടി മരിച്ചു. കിണാവൂര്‍ സ്വദേശി രതീഷ് (32) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ശനിയാഴ്ച ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചോയ്യംകോട് കിനാനൂര്‍ സ്വദേശി സന്ദീപ് (38) എന്നയാൾ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്ദീപ് വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.
അപകടത്തിൽ പരിക്കേറ്റ് 99 പേരാണ് ഇപ്പോഴും വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 31 പേര്‍ ഐസിയുവിലും 4 പേര്‍ വെന്‍റിലേറ്ററിലുമാണ്. അപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. സംഭവത്തിൽ ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ 7 പേർക്കും വെടിക്കെട്ട് നടത്തിയ രാജേഷ് എന്നയാൾക്കുമെതിരേ നീലേശ്വരം പൊലീസ് കേസെടുത്തിരുന്നു.
അഞ്ഞൂറ്റമ്പലം വീരർകാവിൽ തിങ്കളാഴ്ച രാത്രി 12 മണിയോടെയാണു പടക്കപ്പുരയ്ക്കു തീപിടിച്ചത്. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിനു സമീപത്തു തന്നെയാണു പടക്കങ്ങൾ പൊട്ടിച്ചിരുന്നത്. ഇതിൽ നിന്നുള്ള തീപ്പൊരി വീണു പടക്കശേഖരം പൊട്ടിത്തറിക്കുകയായിരുന്നു. തെയ്യം കാണാനും അനുഗ്രഹം തേടാനുമായി വൻ ജനക്കൂട്ടമാണു ക്ഷേത്രത്തിലുണ്ടായിരുന്നത്. തിക്കിലും തിരക്കിലും പലരും വീണത് അപകട വ്യാപ്തി വർധിപ്പിച്ചു.