സന: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മകൾ നിമിഷ പ്രിയയെ കാണാൻ അനുമതിനൽകിയ യെമൻ ഭരണകൂടത്തിന് നന്ദി പറഞ്ഞ് അമ്മ പ്രേമകുമാരി. മകളെ കാണാൻ കവിയുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും ഞാനവളെ വിവാഹത്തിനു ശേഷം ആദ്യമായി കാണുകയാണെന്നും വീഡിയോ സന്ദേശത്തിൽ പ്രേമകുമാരി പറഞ്ഞു.
' എന്നെ കണ്ടയുടൻ മകൾ ഓടിവന്ന് കെട്ടിപിടിച്ചു. ഞാനും പൊട്ടിക്കരഞ്ഞുപോയി. അവൾ മമ്മി കരയരുതെന്ന് പറഞ്ഞു. അവളെ കല്യാണം കഴിച്ച് കൊടുത്തതിന് ശേഷം ഞാന്‍ ഇന്നാണ് കാണുന്നത്. യെമൻ രാജ്യത്തിന്റെ കരുണ കൊണ്ടും ദൈവകൃപകൊണ്ടും അവള്‍ സുഖമായിരിക്കുന്നു', പ്രേമകുമാരി പറഞ്ഞു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മകളെ അമ്മ 12 വർഷത്തിനു ശേഷമാണ് കാണുന്നത്. ഒരുമിച്ച് ഉച്ചഭഷണം കഴിക്കാനും ഉച്ചമുതൽ വൈകിട്ടുവരെ ഒന്നിച്ചിരിക്കാനും ജയിലിൽ പ്രത്യേക മുറിയും അനുവദിച്ചിരുന്നു.
നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകൾക്കായി കഴിഞ്ഞ ദിവസമാണ് അമ്മ പ്രേമകുമാരിയും സേവ് നിമിഷ പ്രിയ ഫോറത്തിലെ സാമുവൽ ജെറോമും യെമനിൽ എത്തിയത്.നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സ്വാധീനമുള്ള വ്യക്തികളെ ഉപയോഗിച്ച് ഗോത്രതലവൻമാരുമായുള്ള ചർച്ചയും വൈകാതെ നടക്കും എന്നാണ് ഇവരുടെ പ്രതീക്ഷ. ഇതിനായുള്ള എല്ലാ തയാറെടുപ്പുകളും നടത്തിയെന്നും യെമനില്‍ സ്വാധീനമുള്ള വ്യക്തികളെ മുന്നില്‍ നിര്‍ത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവല്‍ ജെറോം പറഞ്ഞു. മോചനത്തിനായുള്ള ബ്ലഡ് മണി സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തും. ശരീയത്ത് നിയമ പ്രകാരമുളള "ബ്ലഡ് മണി' (34 കോടി) കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്‍റെ കുടുംബം സ്വീകരിച്ചാലേ നിമിഷപ്രിയയെ മോചിപ്പിക്കാനാകു.
2017 ജൂലൈ 25നാണ് യെമൻ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചെന്ന കേസിൽ നിമിഷയെ വധശിക്ഷയ്ക്കു വിധിച്ചത്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായവാഗ്ദാനവുമായി എത്തിയ ഇയാൾ നിമിഷയുടെ പാസ്പോർട്ട് പിടിച്ചുവച്ച് ഭാര്യയാക്കിവയ്ക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചത്. ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ, ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിർദേശപ്രകാരം അമിത ഡോസ് മരുന്നു കുത്തിവച്ചത് മരണത്തിന് ഇടയാക്കുകയായിരുന്നു. മരുന്നു കുത്തിവയ്ക്കുന്നതിന് സഹായിച്ച തദ്ദേശിയായ നഴ്സ് ഹാൻ ഇതേ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.