മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു; മരിച്ച യുവാവിന്‍റെ പരിശോധന ഫലം പോസിറ്റീവ്

സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 151 ആയി ഉയര്‍ന്നു.
nipah fever confirmed in malappuram, pune institute report positive
മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു; മരിച്ച യുവാവിന്‍റെ പരിശോധന ഫലം പോസിറ്റീവ്
Updated on

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കഴിഞ്ഞയാഴ്ച്ച മരിച്ച 23 വയസ്സുകാരനായ യുവാവിന് നിപ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യുവാവിന്‍റെ സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ നടത്തിയ പിസിആര്‍ പരിശോധനയില്‍ നിപ്പ പോസിറ്റീവ് ആയി സ്ഥിരീകരിച്ചിരുന്നു.

കൂടാതെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച യുവാവ് മസ്തിഷ്‌ക ജ്വരത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഇതിന് പിന്നാലെയാണ് സാംപിളുകൾ പുനെ വൈറോളജി ലാബിലേക്ക് അയച്ചത്. ഇതിലാണ് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

യുവാവ് 4 സ്വകാര്യ ആശുപത്രികളിലായി ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഐസൊലേഷനിലുള്ള 5 പേര്‍ക്ക് ചില ലഘുവായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ 151 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്.

അതേസമയം, മരിച്ച യുവാവിനെ കൂടാതെ തിരുവാലി പഞ്ചായത്തിൽ പനി ബാധിച്ച 3 പേർക്ക് കൂടി നേരത്തെ നിപ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. ഇതിൽ 2 പേരെ മഞ്ചേരി മെഡി. കോളെജിൽ പരിശോധയ്ക്കയച്ചു. ഇവരെ പ്രത്യേകം നിരീക്ഷിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. നിപ സംശയത്തെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളും തിരുവാലി പഞ്ചായത്തിൽ ഊര്‍ജിതമാക്കി. മാസ്‌ക് നിര്‍ബന്ധമാക്കികൊണ്ട് ജില്ലാ ആരോഗ്യ വകുപ്പ് ഉത്തരവിറക്കി.

Trending

No stories found.

Latest News

No stories found.