കൊച്ചി: വിവാദ അഡ്മിഷന്‍ പരസ്യം പിന്‍വലിച്ച് മൂവാറ്റുപുഴ നിര്‍മല കോളേജ്. ക്യാംപസ് പ്രണയം പ്രമേയമാക്കിയ പരസ്യമാണ് പിന്‍വലിച്ചത്. വായിക്കാനും ജീവിക്കാനും നിർമല കോളേജിലേക്ക് വരൂ, 2024ലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു എന്ന തരത്തിൽ പ്രണയ രംഗത്തിനൊപ്പമുള്ള കോളേജ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. എന്നാൽ ഈ വീഡിയോയെ തള്ളിപറഞ്ഞിരിക്കുകയാണ് മുവാറ്റുപുഴ നിർമല കോളേജ്. കോളേജിന്റെ മൂല്യങ്ങള്‍ക്ക് നിരക്കാത്തതെന്നും അന്വേഷണം നടത്തുമെന്നും കോതമംഗലം രൂപതാ കോര്‍പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സി വിശദീകരണക്കുറിപ്പിറക്കി.
ലൈബ്രറി പശ്ചാത്തലത്തില്‍ ക്യാംപസ് പ്രണയം പ്രമേയമാക്കിയാണ് മൂവാറ്റുപുഴ നിര്‍മല കോളേജ് അഡ്മിഷന്‍ പരസ്യമിറക്കിയത്. 1990കളിലിറങ്ങിയ ‘നിറക്കൂട്ട്’ എന്ന സിനിമയിലെ “പൂമാനമേ..” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരമായ വീഡിയോയിലുള്ളത്. കോളേജ് ലൈബ്രറിയില്‍ പ്രണയിക്കുന്ന ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും രംഗങ്ങളാണ്. ആണ്‍കുട്ടി മുട്ടത്ത് വർക്കിയുടെ ‘ഇണപ്രാവുകള്‍’ വായിച്ചുകൊണ്ടിരിക്കുന്ന രംഗത്തിലാണ് വീഡിയോ അവസാനിക്കുന്നത്. ശേഷം വായന നിങ്ങളുടെ മനസിനെ ഉണർത്തുമെന്നും നിങ്ങളുടെ ഭാവനയുണർത്തുമെന്നും എഴുതിക്കാണിക്കുന്നു.ശേഷം വായിക്കാനും ജീവിക്കാനും നിർമല കോളേജിലേക്ക് വരൂ എന്നും 2024ലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു എന്നും എഴുതി കാണിക്കുന്നു.
ക്യാംപസിലെ പഠന, പാഠ്യേതര സൗകര്യങ്ങള്‍ പരിഗണിക്കാത്ത പരസ്യം വിമര്‍ശനത്തിനിടയാക്കി. ഇതോടെയാണ് കോതമംഗലം രൂപതാ കോര്‍പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സി ഇടപെട്ട് പരസ്യം പിന്‍വലിച്ചത്. സാമൂഹിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള കോളേജിന്റെ എഴുപത് വര്‍ഷത്തെ പാരമ്പര്യത്തിന് പരസ്യം കളങ്കമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. അന്വേഷണ റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കാനാണ് കോര്‍പറേറ്റ് മാനേജരുടെ നിര്‍ദേശം.