കൊച്ചി: കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ മാമി എന്ന മുഹമ്മദ് ആട്ടൂരിന്‍റെ തിരോധാനത്തില്‍ സിബിഐ അന്വേഷണമില്ല. ഈ കേസ് സിബിഐ അന്വേഷിക്കണമെന്ന മാമിയുടെ കുടുംബത്തിന്‍റെ ഹർജി ഹൈക്കോടതി തള്ളി. കേസ് ഇപ്പോൾ സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് കോടതി വിലയിരുത്തി. കേസ് ക്രൈം ബ്രാഞ്ചിന്‍റെ പ്രത്യേക സംഘം അന്വേഷിക്കുകയാണെന്ന സർക്കാർ വാദം ഹൈക്കോടതി അംഗീകരിച്ചാണ് ഉത്തരവ്.
റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ മുഹമ്മദ് ആട്ടൂരിനെ 2023 ഓഗസ്റ്റ് 22നാണ് കാണാതായത്. കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിലുള്ള നക്ഷത്ര അപ്പാർട്ട്‌മെന്‍റിൽനിന്ന് ഓഗസ്റ്റ് 21ന് ഇറങ്ങിയ മുഹമ്മദ് ആട്ടൂരിന്‍റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 22ന് ഉച്ചവരെ അത്തോളി പറമ്പത്ത് തലക്കുളത്തൂർ ഭാഗത്ത് ഉള്ളതായി കണ്ടെത്തിയിരുന്നു.
പിന്നീട് ഇദ്ദേഹം എവിടേക്ക് പോയെന്ന് പൊലീസിന് കണ്ടെത്താനായിട്ടില്ല. മാമി തിരോധാനക്കേസ് ക്രിമിനൽ ബന്ധമുള്ള പൊലീസിലെ ഒരു സംഘം അട്ടിമറിച്ചതാണെന്നും, ഈ കേസിൽ ഇനിയൊന്നും തെളിയിക്കാൻ പോകുന്നില്ലെന്നുമാണ് പി.വി. അൻവർ എംഎൽഎ ആരോപിച്ചത്. നിലവിൽ കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് തനിക്ക് നേരിട്ട് അയക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്.