കൊച്ചി: ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട മാർപാപ്പയുടെ ഉത്തരവ് നടപ്പാക്കണമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട മാർ റാഫേൽ തട്ടിലിന്‍റെ അധ്യക്ഷതയിൽ ചേർന്ന സിനഡിൽ തീരുമാനം. മാർപാപ്പയുടെ വീഡിയോ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ സിനഡ് രേഖാമൂലം സർക്കുലർ പുറപ്പെടുവിച്ചു.
എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാ പള്ളികളിലും ഏകീകൃത കുർബാന അർപ്പിക്കണമെന്ന് സർക്കുലറിൽ പറയുന്നുണ്ട്. സഭയിലെ എല്ലാ ബിഷപ്പുമാരും ഒപ്പിട്ട സർക്കുലർ അടുത്ത ഞായറാഴ്ച എല്ലാ പള്ളികളിലും വായിക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു. പുതിയ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ മെത്രാനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ സർക്കുലർ കൂടിയാണിത്.
സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിലിനെ കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുത്തത്. ഈ മാസം ഒൻപതിന് സഭാ ആസ്ഥാനമായ കാക്കനാട് സെന്‍റ് തോമസ് മൗണ്ടിൽ നടന്ന സിനഡ് യോഗത്തിലാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പിൻഗാമിയെ രഹസ്യ ബാലറ്റിലൂടെ തെരഞ്ഞെടുത്തത്.
പുതിയ മെത്രാനും പുതിയ അഡ്മിനിസ്ട്രേറ്ററും എത്തുന്നതോടെ എറണാകുളം അങ്കമാലി അതിരൂപതയിൽ കുർബാന വിഷയത്തിൽ പരിഹാരം കാണുമെന്നായിരുന്നു വിമത വിഭാഗം കരുതിയത്. എന്നാൽ പുതിയ സർക്കുലർ അതിരൂപതയിൽ വീണ്ടും പ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കും.
ഏകീകൃത കുർബാന വിഷയവുമായി ബന്ധപ്പെട്ട് വിവിധ പള്ളികളിൽ ഇപ്പോഴും പ്രതിസന്ധി തുടരുകയാണ്. കഴിഞ്ഞ ദിവസം കാക്കനാട് സെന്‍റ് ഫ്രാൻസിസ് അസീസി പള്ളിയിൽ വിശ്വാസികൾ തമ്മിൽ തർക്കം ഉടലെടുത്തിരുന്നു. ഏകീകൃത കുർബാന നടത്താൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് പള്ളി വികാരി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഇതോടെ കോടതിവിധി വന്നതിനുശേഷം കുർബാന നടത്തിയാൽ മതിയെന്ന് ഒരു വിഭാഗം നിലപാടെടുത്തു. കുർബാനയിൽ പങ്കെടുക്കാൻ അകത്തുകയറണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു വിഭാഗവും രംഗത്തെത്തി. ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമായതോടെ പോലീസ് എത്തിയാണ് പ്രശ്നം അവസാനിപ്പിച്ചത്.