തിരുവനന്തപുരം: ജസ്‌ന മരിച്ചതിനും മത പരിവര്‍ത്തനം നടത്തിയതിനും തെളിവില്ലെന്ന് സിബിഐ. കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ മതപരിവര്‍ത്തനകേന്ദ്രങ്ങളിലും അന്വേഷണം നടത്തി. കേരളത്തില്‍ പൊന്നാനി, ആര്യസമാജം അടക്കമുള്ള സ്ഥലങ്ങളിലും അന്വേഷണം നടത്തിയിരുന്നു. എന്നാൽ എവിടെ നിന്നും തെളിവുകൾ ലഭിച്ചിട്ടില്ലെന്നും തിരോധാനത്തിന് പിന്നിൽ തീവ്രവാദ സംഘടനകൾക്ക് പങ്കില്ലെന്നും റിപ്പോർട്ട്. സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ജെസ്‌നയെ സംബന്ധിച്ച ഒരു തെളിവും കണ്ടെത്താനായിട്ടില്ല. ജെസ്‌ന മരിച്ചതിനും തെളിവില്ല. അതേസമയം, ജസ്‌ന കൊവിഡ് വാക്‌സിന്‍ എടുത്തതിന്‍റെയോ കൊവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിന്‍റെയോ തെളിവ് ലഭിച്ചിട്ടില്ല.
തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നടത്തിയ അന്വേഷണത്തിലും ജെസ്‌നയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചില്ല. ജസ്‌നയുടെ തിരോധാനത്തിന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മിക്ക അജ്ഞാത മൃതദേഹങ്ങളും പരിശോധിച്ചു. കേരളത്തിൽ ആത്മഹത്യ നടക്കാറുള്ള എല്ലാ മേഖലകളിലും അന്വേഷിച്ചു.
ജസ്‌നയെ കണ്ടെത്താനായി ഇന്‍റര്‍പോളിന്‍റെ സഹായം തേടിയിട്ടുണ്ട്. ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ യെല്ലോ നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇവരുടെ ഭാഗത്തു നിന്നും എന്തെങ്കിലും വിവരം ലഭിച്ചാല്‍ മാത്രമേ ഇനി ജസ്‌ന തിരോധാനത്തില്‍ അന്വേഷണത്തിന് സാധ്യതയുള്ളൂ എന്നും സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്നാ മരിയ ജയിംസിനെ എരുമേലിയിൽ നിന്നും കാണതാകുന്നത്. മുണ്ടക്കയത്തെ ബന്ധുവീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ജെസ്ന വീട്ടില്‍ നിന്നും ഇറങ്ങിയത്. എരുമേലി വരെ ബസില്‍ വന്നതിന് തെളിവുകളുണ്ട്. ചിലകടകളിലും സിസിടിവി ദൃശ്യങ്ങളിലും ജസ്നയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ജസ്നയെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചടക്കം കേരളാ പൊലീസിന്‍റെ നിരവധി സംഘങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അന്വേഷണ പുരോഗതിയില്ലെന്ന് കാണിച്ച് ക്രിസ്ത്യന്‍ അലയന്‍സ് ആന്‍റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് കൈമാറാന്‍ ഉത്തരവിടുന്നത്. 2021 ഫെബ്രുവരിയിലായിരുന്നു കോടതി ഉത്തരവ്.