തിരുവനന്തപുരം: കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ലോകത്ത് വലിയതോതില്‍ പഠനം നടക്കുകയാണ്, ഇക്കാര്യത്തില്‍ പ്രവാസി സമൂഹത്തിന് വലിയ സംഭാവന നല്‍കാന്‍ കഴിയുമെന്നും ഇടപെടല്‍ ഉണ്ടാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യൂ.എം.സി) 14ാമത് ബൈനിയല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിച്ച് മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ബഹിരാകാശം മുതല്‍ വൈദ്യശാസ്ത്ര മേഖലയില്‍ വരെ മലയാളിസാനിധ്യം ലോകത്തെല്ലായിടത്തുമുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
വയനാട് ദുരന്തത്തിന്‍റെ ഭാഗമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. പുനര്‍നിര്‍മാണത്തില്‍ സംഘടനയുടേതായ പങ്ക് വഹിക്കാന്‍ തയ്യാറായതിന് നന്ദി അറിയിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ഡബ്ള്യൂ.എം.സിക്ക് ചെയ്യാന്‍ കഴിയും. അക്കാര്യം പരിഗണിക്കാന്‍ സംഘടന തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാം നഷ്ടപ്പെട്ട് വല്ലാത്ത മാനസികാവസ്ഥയില്‍ കഴിയുന്ന സഹോദരങ്ങളും കുഞ്ഞുങ്ങളും വയനാട്ടിലുണ്ട്. അവര്‍ക്ക് ശരീരത്തേക്കാള്‍ ആഘാതം ഏറ്റത് മനസിനാണ്.
അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള എല്ലാ ശ്രമവും സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നു. അവിടെ വീടുകള്‍ നിര്‍മിക്കാന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ പങ്കുവഹിക്കാമെന്ന് സമ്മതിച്ചത് നന്ദിപൂര്‍വം സ്മരിക്കുന്നു. മൂന്ന് പതിറ്റാണ്ട് പാരമ്പര്യമുള്ള സംഘടന പ്രവാസിമലയാളി ജീവിതം മെച്ചപ്പെടുത്തുന്നു. നടിന്‍റെ പുരോഗതി ഉറപ്പാക്കാന്‍ കഴിയുന്ന ഇടപെടലുകളും നടത്തുന്നു. പ്രവാസികളുടെ പ്രധാന പ്രശ്നങ്ങളായ തൊഴില്‍, യാത്ര, വിമാനക്കൂലി വര്‍ദ്ധനവ് എന്നിവ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരാനും കഴിഞ്ഞു. ചിലത് പരിഹരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.ഹോട്ടല്‍ ഹയാത്ത് റീജിയന്‍സിയില്‍ നടന്ന ചടങ്ങില്‍ ലോകകേരള സഭ ആഗോള പ്രസിഡന്‍റ് ജോണ്‍ മത്തായി അധ്യക്ഷനായി. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഡബ്ല്യൂ.എം.സിയെന്ന് അദ്ദേഹം പറഞ്ഞു. വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം അര്‍പ്പിച്ചാണ് ചടങ്ങ് ആരംഭിച്ചത്. വയനാട് ദുരന്തബാധിതര്‍ക്ക് 14 വീടുകള്‍ നിര്‍മിച്ച് നല്‍കുന്നതിനുള്ള സമ്മതപത്രം സംഘടന ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ഗോപാലപിള്ള മുഖ്യമന്ത്രിക്ക് കൈമാറി. ഒപ്പം സംഘടനയുടെ കാരുണ്യ ഭവനം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച അഞ്ച് വീടുകളുടെ താക്കോല്‍ ദാനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.