തിരുവനന്തപുരം: പരാതി പരിഹാര സംവിധാനത്തിലേക്കു സംരംഭകരിൽനിന്നു പരാതി ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ പരിഹാരം ഉറപ്പുവരുത്തണമെന്നും ഇല്ലെങ്കിൽ ഉദ്യോഗസ്ഥർ പിഴ നൽകേണ്ടിവരുമെന്നും വ്യവസായ മന്ത്രി പി. രാജീവ്.
പരിഹാരം നിർദേശിച്ച ശേഷം 15 ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഒരു ദിവസത്തിന് 250 രൂപ എന്ന നിലയിൽ പിഴ ഒടുക്കണം. പരമാവധി 10,000 രൂപവരെ ഇത്തരത്തിൽ പിഴ ഈടാക്കാനാകും. പൂർണമായും ഓൺലൈനായി പ്രവർത്തിക്കുന്ന സംവിധാനമാണിത്.
http://grievanceredressal.industry.kerala.gov.in/login എന്ന പോർട്ടലിലാണു പരാതികൾ രേഖപ്പെടുത്തേണ്ടത്. 10 കോടി രൂപ വരെ നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാ കലക്റ്റർ അധ്യക്ഷനും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനെജർ കൺവീനറുമായ ജില്ലാതല കമ്മിറ്റികൾക്കു പരിശോധിക്കാൻ സാധിക്കും. 10 കോടിക്കു മുകളിൽ നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളും ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന്മേലുള്ള അപ്പീലും സംസ്ഥാന കമ്മിറ്റി പരിശോധിക്കും. സംസ്ഥാന കമ്മിറ്റിയിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്റ്റർ കൺവീനറുമാണ്. പരാതിയുടെ വിചാരണ വേളയിൽ ജില്ലാ കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും ഒരു സിവിൽ കോടതിക്ക് തുല്യമായ അധികാരങ്ങൾ ഉണ്ടായിരിക്കും.
മതിയായ കാരണം കൂടാതെ ഉദ്യോഗസ്ഥൻ കാലതാമസമോ വീഴ്ചയോ വരുത്തിയിട്ടുണ്ടെന്നു ജില്ലാ-സംസ്ഥാന കമ്മിറ്റികൾക്കു ബോധ്യപ്പെട്ടാൽ ഉദ്യോഗസ്ഥനുമേൽ പിഴ ചുമത്തുന്നതിനും ബാധകമായ സർവീസ് ചട്ടങ്ങൾക്ക് കീഴിൽ വകുപ്പുതല നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട അധികാരസ്ഥാനത്തോട് ശുപാർശ ചെയ്യുന്നതിനും സാധിക്കും. പരാതി പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഉദ്യോഗസ്ഥനിൽ നിന്ന് പിഴ ഈടാക്കാൻ സാധിക്കുന്ന സംവിധാനം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണെന്നു മന്ത്രി രാജീവ് ചൂണ്ടിക്കാട്ടി.