ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധനകൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
45 പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന. ഓണക്കാലത്ത് വിപണിയിൽ അധികമായെത്തുന്ന പാൽ, ഭക്ഷ്യ എണ്ണകൾ, പപ്പടം, പായസം മിശ്രിതം, ശർക്കര, നെയ്യ്, വിവിധ തരം ചിപ്സ്, പച്ചക്കറികൾ, ചായപ്പൊടി, പരിപ്പുവർഗങ്ങൾ, പഴങ്ങൾ, മത്സ്യം, മാംസം തുടങ്ങിയവയുടെ ഉൽപാദന വിതരണ വില്പന കേന്ദ്രങ്ങളിലും, ഹോട്ടൽ, ബേക്കറി, തട്ടുകടകൾ, കാറ്ററിംഗ് യൂണിറ്റുകൾ എന്നിവിടങ്ങളിലും ചെക്ക് പോസ്റ്റുകളിലും പരിശോധനയുണ്ടാകും. പാക്കറ്റുകളിൽ നൽകുന്ന ഭക്ഷണ പദാർത്ഥങ്ങളുടെ ലേബൽ വിവരങ്ങളും പരിശോധിക്കും. വീഴ്ചകൾ കണ്ടെത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഓണക്കാലത്ത് അയൽ സംസ്ഥാനങ്ങളിൽ നിന്നും അധികമായെത്തുന്ന പാൽ, എണ്ണ, പച്ചക്കറികൾ എന്നിവയുടെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് 24 മണിക്കൂറും പരിശോധന നടത്തും. വകുപ്പിന്‍റെ മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിന്‍റെസഹായത്തോടെയായിരിക്കും പരിശോധനകൾ. പാൽ, പാൽ ഉൽപന്നങ്ങൾ എന്നിവയുടെ പരിശോധനയ്ക്കായി ഇടുക്കിയിലെ കുമളി, പാലക്കാട് ജില്ലയിലെ മീനാക്ഷിപുരം, വാളയാർ, കൊല്ലം ജില്ലയിലെ ആര്യങ്കാവ്, തിരുവനന്തപുരം ജില്ലയിലെ പാറശാല എന്നിവിടങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചു. 24 മണിക്കൂറും ഇവിടെ പരിശോധനകൾ ഉണ്ടാകും.
ഭക്ഷ്യസുരക്ഷാ ലൈസൻസെടുക്കാതെ ഒരു സ്ഥാപനവും പ്രവർത്തിക്കാൻ അനുവദിക്കില്ല. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം അനുസരിച്ച് നിയമനടപടികൾ കൈക്കൊളളും. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി വ്യാപാരികളും ഉപഭോക്താക്കളും ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
വ്യാപാരികൾ ഭക്ഷ്യ സുരക്ഷ ലൈസൻസ്/ രജിസ്ട്രേഷൻ ഉപഭോക്താക്കൾ കാണുന്ന വിധം സ്ഥാപനത്തിൽ പ്രദർശിപ്പിക്കേണ്ടതാണ്. നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽപനയ്ക്കായി സ്ഥാപനത്തിൽ സൂക്ഷിക്കുകയോ വിൽപന നടത്തുകയോ ചെയ്യരുത്. പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങൾ നിയമാനുസൃതമായ ലേബൽ വ്യവസ്ഥകളോടെ മാത്രമേ വിൽക്കാൻ പാടുളളൂ. ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളും, വ്യക്തികളും ശുചിത്വ ശീലങ്ങൾ കർശനമായും പാലിച്ചിരിക്കണം. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്.
പാഴ്സൽ ഭക്ഷണം നൽകുന്നവർ ഫുഡ് ഗ്രേഡ് കണ്ടെയ്നറുകൾ മാത്രമേ ഭക്ഷണം വിതരണം ചെയ്യാൻ ഉപയോഗിക്കാവൂ. പാക്കറ്റിന് പുറത്ത് ലേബൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുകയും വേണം. ഭക്ഷണത്തിൽ നിരോധിച്ച നിറങ്ങൾ ചേർക്കുകയോ അനുവദനീയമായ അളവിൽ കൂടുതൽ നിറങ്ങൾ ചേർക്കുകയോ ചെയ്യരുത്.
ഉപഭോക്താക്കൾ പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ വാങ്ങുമ്പോൾ നിർമ്മാണ തീയതി, കാലാവധി മുതലായ ലേബൽ വിവരങ്ങൾ പരിശോധിച്ചതിന് ശേഷമേ വാങ്ങാവൂ.
ഭക്ഷ്യസുരക്ഷ സംബന്ധിച്ച പരാതികൾ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിലും www.eatright.foodsafety.kerala.gov.in എന്ന പോർട്ടലിലും അറിയിക്കാം.