അങ്കമാലി: കറുകുറ്റിയിൽ ദേശീയപാതയുടെ സമീപത്തുള്ള കെട്ടിടത്തിൽ തീ പടർന്നതിനെത്തുടർന്ന് ഒരാൾ മരിച്ചു. കരയാമ്പറമ്പിൽ താമസിച്ചിരുന്ന കണ്ണൂർ സ്വദേശി കെ.എ. ബാബുവാണ് മരിച്ചത്. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ന്യൂയർ കുറീസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇയാൾ.
വെള്ളിയാഴ്ചയാണ് അഡ്‌ലക്സ് കൺവെൻഷന് സെന്‍ററിനു എതിർവശത്തുള്ള ന്യൂയർ കുറീസ് എന്ന സ്ഥാപനം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ വൻ അഗ്നിബാധ ഉണ്ടായത്. നാലു മണിക്കൂർ നീണ്ടു നിന്ന പ്രയത്നത്തിനൊടുവിലാണ് തീ അണയ്ക്കാൻ സാധിച്ചത്. പിന്നീട് നടത്തിയ തെരച്ചിലിലാണ് ജീവനക്കാരന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
അങ്കമാലിയിലെയും ആലുവയിലെയും ചാലക്കുടിയിലെയും ഫയർഫോഴ്സ് യൂണിറ്റുകളും പൊലീസും ചേർന്ന് ഏറെ ശ്രമപ്പെട്ടാമ് കെട്ടിടത്തിലെ തീ അണച്ചത്. തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
അപകടമുണ്ടായ സമയത്ത് കെട്ടിടത്തിനകത്ത് ഇരുപതിലധികം ജീവനക്കാർ ഉണ്ടായിരുന്നു. ഇവരെല്ലാം പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഒരാൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയതായി ജീവനക്കാർ ഫയർഫോഴ്സിനെ അറിയിച്ചിരുന്നു. എന്നാൽ ഇയാളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പാഴാവുകയായിരുന്നു. കെട്ടിടത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളും കത്തി നശിച്ചിട്ടുണ്ട്. കെട്ടിടത്തിന്‍റെ ഉൾഭാഗം മുഴുവൻ മരം കൊണ്ടാണ് പാനൽ ചെയ്തിരുന്നത്. ഇതും തീ ആളിപ്പടരാൻ കാരണമായി.