നാടിനെ ഇരുട്ടിലാക്കി, എല്ലാം സിസിടിവിയിൽ വ്യക്തം; ഒരാൾ അറസ്റ്റിൽ, കെഎസ്‌ഇബി ജീവനക്കാരന്‍ ഒളിവിൽ

രാജേഷിനെ കൃത്യനിര്‍വഹണത്തിലെ ക്രമക്കേടുകളെത്തുടര്‍ന്ന് താക്കീത് ചെയ്തതിലെ പ്രകോപനമെന്ന് പൊലീസ് നിഗമനം.
One under arrest for cutting fuse wires of KSEB transformers and switching off mains
നാടിനെ ഇരുട്ടിലാക്കി, എല്ലാം സിസിടിവിയിൽ വ്യക്തം; ഒരാൾ അറസ്റ്റിൽ, കെഎസ്‌ഇബി ജീവനക്കാരന്‍ ഒളിവിൽcctv visuals
Updated on

തിരുവനന്തപുരം: കെ എസ് ഇ ബി കല്ലായി സെക്ഷന്‍ പരിധിയിലെ ട്രാന്‍സ്ഫോര്‍മറുകളുടെ ഫ്യൂസ് കമ്പികള്‍ മുറിച്ചുമാറ്റുകയും റിംഗ് മെയിന്‍ യൂണിറ്റുകള്‍ (ആര്‍ എം യു) ഓഫ് ചെയ്യുകയും ചെയ്ത സംഭവത്തില്‍ പെരുവയല്‍ കല്ലേരി സായി കൃപയില്‍ വി. രജീഷ് കുമാറിനെ പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതിയും കെഎസ്ഇബി ഇലക്ട്രിസിറ്റി വര്‍ക്കറുമായ വി. സുബൈര്‍ ഒളിവിലാണ്. ഇയാളെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.

കഴിഞ്ഞ 2ന് അര്‍ദ്ധരാത്രി കല്ലായി, പന്നിയങ്കര പ്രദേശങ്ങളിലെ 13 ട്രാന്‍സ്ഫോര്‍മറുകളുടെ ഫ്യൂസ് വയര്‍ മുറിച്ചും 6 ആര്‍എംയുകള്‍ ഓഫ് ചെയ്തും ഒരു പ്രദേശത്തെയാകെ ഇവര്‍ ഇരുട്ടിലാക്കി. സിസിടിവി ദൃശ്യങ്ങളില്‍നിന്നും ഇവര്‍ കൃത്യം നിര്‍വ്വഹിക്കുന്നത് വ്യക്തമായി. നേരത്തെ കരാറടിസ്ഥാനത്തില്‍ വാഹന കോണ്‍ട്രാക്ടറായിരുന്ന രാജേഷിനെ കൃത്യനിര്‍വഹണത്തിലെ ക്രമക്കേടുകളെത്തുടര്‍ന്ന് താക്കീത് ചെയ്തതിലെ പ്രകോപനമാണ് ഈ പ്രവൃത്തിക്കുപിന്നിലുള്ളത് എന്നാണ് പൊലീസ് നിഗമനം.

വൈദ്യുതി തടസ്സം സംബന്ധിച്ച പരാതി പരിഹരിക്കാനെത്തിയ ജീവനക്കാരാണ് ഫ്യൂസ് വയര്‍ മുറിച്ചുമാറ്റിയതായും ആര്‍എംയു ഓഫ് ചെയ്തിരിക്കുന്നതായും കണ്ടെത്തിയത്. ഇവര്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് കെഎസ്ഇബി പന്നിയങ്കര പൊലീസ് സ്റ്റേഷനില്‍ പരാതി നൽകി. തുടര്‍ന്ന് എക്സിക്യുട്ടീവ് എഞ്ചിനീയറും അസി എക്സിക്യുട്ടീവ് എഞ്ചിനീയറും അസിസ്റ്റന്‍റ് എഞ്ചിനീയറും സ്ഥലത്തെത്തി സംയുക്തമായി വിശദമായ പരിശോധന നടത്തുകയും ചെയ്തു.

കേസിലെ രണ്ടാം പ്രതിയായ സുബൈറിനായുള്ള അന്വേഷണം തുടരുകയാണ്. പ്രതികള്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കല്‍ നിരോധന നിയമം ഉള്‍പ്പെടെയുള്ള ശക്തമായ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. വൈദ്യുതി തടസ്സം കാരണം ഉപഭോക്താക്കള്‍ക്കും കെഎസ്ഇബിക്കും ഉണ്ടായ നഷ്ടം ഇവരില്‍ നിന്ന് ഈടാക്കാനുള്ള നിയമനടപടി സ്വീകരിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. പ്രതികള്‍ക്കെതിരെ കെഎസ്ഇബി വിജിലന്‍സ് അന്വേഷണവും തുടരുകയാണ്.

Trending

No stories found.

Latest News

No stories found.