ബിനീഷ് മള്ളൂശേരി
കോട്ടയം: എനിക്ക് വേണ്ട. ഔദ്യോഗിക ബഹുമതികളൊന്നും ഇല്ലാതെ എന്നെ അടക്കണം. ഇത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആഗ്രഹമായിരുന്നു. അതേ പോലെ തന്നെ നടന്നു. എങ്കിലും പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ ജനങ്ങൾ മത്സരിക്കുന്ന കാഴ്ചയാണ് പുതുപ്പള്ളി കണ്ടത്. തിരുവനന്തപുരം മുതൽ പുതുപ്പള്ളി വരെ എത്തിയപ്പോൾ കാണാനായി ആ സ്മരണ. ഒടുവിൽ പുതുപ്പള്ളി പള്ളിയുടെ പ്രത്യേക പരിഗണനയിൽ ആറടി മണ്ണ് അദ്ദേഹത്തിനായി ഒരുങ്ങി.
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം പുതുപ്പളളിയിലെ പണി തീരാത്ത വീട്ടിൽ നിന്ന് പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പളളിയിലെത്തിച്ച ശേഷം സംസ്‌കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം പുതിയ വീട്ടില്‍ നടത്തിയതിന് ശേഷമാണ് പളളിയിലെത്തിച്ചത്. ഇവിടെയും പൊതുദർശനമുണ്ടായിരുന്നു. മുതിർന്ന നേതാവിനെ ഒരു നോക്ക് കാണാനായി കോൺ ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പുതുപ്പള്ളി പള്ളിയിൽ എത്തി.
ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയവരുടെ വലിയ തിരക്കായിരുന്നു ഇവിടെ. സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കല്ലറയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ സംസ്‌കാര ചങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.
പിതാവിൻറെ മുഖത്ത് മകൻ ചാണ്ടി ഉമ്മൻ മുഖശീല ഇട്ട് മൂടിയ ശേഷം പ്രത്യേകം തയാറാക്കിയ കല്ലറയിലേക്ക് എത്തിച്ചു. സംസ്കാര ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ മുഖ്യകാർമ്മികത്വം വഹിച്ചു. ശുശ്രൂഷകൾ സമാപിക്കും വരെയും വലിയൊരു ജനാവലി തന്നെ ഏറെ വൈകിയ നേരത്തും പുതുപ്പള്ളി സെൻ്റ്.ജോർജ് വലിയപള്ളി അങ്കണത്തിൽ ആദരവ് അർപ്പിച്ച് നിലയുറപ്പിച്ചിരുന്നു. തൻ്റെ പിതാവിനോടുള്ള ജന്മനാടിൻ്റെ സ്നേഹത്തിന് മകൻ ചാണ്ടി ഉമ്മൻ നന്ദി അറിയിച്ചു. മന്ത്രിമാരും, മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുത്തു.