മാനന്തവാടി: മാനന്തവാടിയിൽ ജനവാസ മേഖലയിലിറങ്ങിയ ആളെക്കൊല്ലി മോഴയാനയെ മയക്കുവെടിവച്ച് പിടികൂടാനുള്ള, ഓപ്പറേഷന്‍ ബേലൂര്‍ മഖ്‌ന ദൗത്യം ഇന്ന് പുനരാരംഭിക്കും. നിലവിൽ ആന നൽക്കുന്ന സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അനുകൂല സഹചര്യം ലഭിച്ചാൽ ഉടന്‍ മയക്കുവെടിവയ്ക്കുമെന്നാണ് നോർത്ത് വയനാട് ഡിഎഫ്‌ഒ മാർട്ടിന്‍ ലോവൽ അറിയിച്ചു.
മണ്ണുണ്ടിക്ക് സമീപമുള്ള കാട്ടിലാണ് ആന ഇപ്പോഴുള്ളത്. അതിവേഗത്തിലാണ് ആനയുടെ നീക്കം. ഇത് ദൗത്യത്തിന് വെല്ലുവിളിയാണ്. ഏറുമാടത്തിൽ നിന്നുകൊണ്ട് മയക്കുവെടി വയ്ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാവിലെ തന്നെ ആനയെ ട്രാക്ക് ചെയ്യാനായാല്‍ എളുപ്പം ദൗത്യം പൂര്‍ത്തികരിക്കാനാകുമെന്നാണ് വനംവകുപ്പ് അധികൃതര്‍ കൂട്ടിച്ചേർത്തു.
മയക്കുവെടി വെച്ച ആനയെ മുത്തങ്ങ ക്യാമ്പിലെത്തിക്കാനാണ് തീരുമാനം. ആനയുടെ ആരോഗ്യസ്ഥിതി അടക്കം പരിശോധിച്ച ശേഷമാകും കാട്ടില്‍ തുറന്നു വിടുന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക. ആനയെ മയക്കുവെടി വയ്ക്കാൻ ഞായറാഴ്ച വനംവകുപ്പ് സംഘം ശ്രമം നടത്തിയെങ്കിലും ദൗത്യം വിജയിച്ചില്ല.
അതേസമയം, കാട്ടാന ഭീതി തുടരുന്നതു കണക്കിലെടുത്ത് വയനാട്ടിലെ ചില സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. തിരുനെല്ലി ഭാഗത്ത് കാട്ടാനയുടെ സാന്നിധ്യമുള്ളതിനാൽ തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല (ഡിവിഷൻ 12 ), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ കലക്റ്റർ രേണു രാജ് അവധി പ്രഖ്യാപിച്ചത്.