പാലിയേക്കര ടോൾ കമ്പനിയെ പിരിച്ചുവിടാൻ ഉത്തരവിട്ടെന്ന് കേന്ദ്ര മന്ത്രി

പിരിച്ചെടുത്തത് 1,299.59 കോടി, ടോൾ പ്ലാസ അടച്ചുപൂട്ടില്ല.
പാലിയേക്കര ടോൾ പ്ലാസ
പാലിയേക്കര ടോൾ പ്ലാസ
Updated on

തൃശൂർ: പാലിയേക്കര ടോൾ പ്ലാസ അടച്ചുപൂട്ടണമെന്ന ടി.എൻ. പ്രതാപൻ എംപിയുടെ ലോകസഭയിലെ ചോദ്യത്തിന് അടച്ചുപൂട്ടില്ലെന്ന് രേഖാ മൂലം മറുപടി നൽകി കേന്ദ്ര റോഡ് ഗതാഗത ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. അതേസമയം ടോൾ കമ്പനിയെ പിരിച്ചുവിടാൻ ദേശീയപാത അഥോറിറ്റി ഉത്തരവിട്ടിരുന്നതായും മന്ത്രി അറിയിച്ചു.

2008ലെ യൂസർ ഫീ പ്ലാസ ചട്ടം പ്രകാരം അതോറിറ്റിക്ക് യുക്തമെന്ന് തോന്നിയാൽ അറുപത് കിലോമീറ്ററിനുള്ളിൽ രണ്ടാമതൊരു ടോൾ പ്ലാസ തുറക്കാമെന്നാണ് സർക്കാർ വിശദീകരണം. 60 കിലോമീറ്റർ ദൂരപരിധിയിൽ ഒരു ടോൾ പ്ലാസ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന നിതിൻ ഗഡ്കരിയുടെ നേരത്തെയുള്ള പ്രസ്താവനയെ മുൻനിർത്തിയാണ് എംപി രേഖാമൂലം പാർലിമെന്‍റിൽ ചോദ്യം ഉന്നയിച്ചത്.

നിലവിൽ പന്നിയങ്കരയിൽ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ പുതിയ ടോൾ പ്ലാസ ആരംഭിച്ചിട്ടുണ്ട്. ഇവിടെ നിന്ന് അറുപത് കിലോമീറ്റർ ദൂര പരിധിയിൽ തന്നെയാണ് പാലിയേക്കര ടോളും ഉള്ളത്. ഇതിന് പുറമെ നിരവധി ആരോപണങ്ങളും പാലിയേക്കര ടോൾ പ്ലാസക്കെതിരേ ഉയർന്നിരുന്നു. ഈ വർഷം നവം.30 വരെ ടോൾ കമ്പനി പിരിച്ചെടുത്തത് 1,299.59 കോടി രൂപയാണെന്ന് മന്ത്രി നൽകിയ രേഖയിൽ വ്യക്തമാക്കുന്നു. അതേസമയം, 215 കോടി രൂപ ദേശീയപാത അതോറിറ്റിക്ക് നെഗറ്റീവ് ഗ്രാന്‍റായി നൽകാനുണ്ടായിരുന്നതിൽ ടോൾ കമ്പനി വീഴ്ചവരുത്തി.

ആറ് ഗഡുക്കളായി അടക്കേണ്ടിയിരുന്ന ഈ തുകയിൽ നിന്ന് 15 കോടി മാത്രമാണ് നൽകിയിരുന്നത്. ഇതുകൂടാതെ, നിരവധി കരാർ ലംഘനങ്ങളും അറ്റകുറ്റപ്പണികൾ നടത്താത്തതും മുൻനിർത്തി ഈ വർഷം ഏപ്രിൽ 13നാണ് നിലവിലെ ടോൾ കമ്പനിയെ പിരിച്ചുവിട്ടുകൊണ്ടുള്ള ദേശീയപാത അതോറിറ്റിയുടെ ഉത്തരവ് ഉണ്ടായത്. എന്നാൽ ഏപ്രിൽ 21ന് ഈ ഉത്തരവിനെതിരേ കമ്പനി ആർബിട്രേഷൻ ട്രിബ്യൂണലിൽ നിന്ന് സ്റ്റേ സമ്പാദിച്ചുതായി എംപിയെ മന്ത്രി രേഖാമൂലം അറിയിച്ചു. നിലവിൽ ഈ വിഷയം ട്രിബ്യുണലിന്‍റെ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.