തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സേവനങ്ങൾ ഒറ്റ പ്ലാറ്റ്ഫോമിലൂടെ നൽകുന്ന കെ-സ്മാർട്ട് വഴി ഇതുവരെ രജിസ്റ്റർ ചെയ്ത 72,000 അപേക്ഷകളിൽ 34,000 എണ്ണവും തീർപ്പാക്കിയതായി മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ.
ഇതിൽ 24,000 ഫയലുകൾ 24 മണിക്കൂറിനുള്ളിലാണ് തീർപ്പാക്കിയത്. 570 വിവാഹങ്ങൾ കെ.സ്മാർട്ടിൽ രജിസ്റ്റർ ചെയ്തു. ദമ്പതികൾക്ക് നേരിട്ട് ഹാജരാകാതെ തന്നെ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്നത് വലിയ മുന്നേറ്റമാണെന്നും മന്ത്രി അറിയിച്ചു. ഇതേ പദ്ധതി നടപ്പാക്കാൻ ജനുവരി ആദ്യത്തിൽ തന്നെ ഐകെഎമ്മുമായി കർണാടക സർക്കാർ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഝാർഖണ്ഡ്, പഞ്ചാബ്, യുപി, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങൾ താത്പര്യമറിയിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ പ്രതിനിധിയും സർക്കാറുമായി ചർച്ച നടത്തിയിട്ടുണ്ട്.
കെ-സ്മാർട്ട് വികസിപ്പിച്ചത് കണക്കിലെടുത്ത് ഇൻഫർമേഷൻ കേരള മിഷനെ -എ.കെ.എമ്മിനെ നാഷണൽ അർബൻ ഡിജിറ്റൽ മിഷൻ പങ്കാളിയായി ഉൾപ്പെടുത്തിയിരുന്നു. രാജ്യത്ത് ഓൺലൈൻ സേവനങ്ങൾ നൽകുന്നതിന് നാഷണൽ അർബൻ ഡിജിറ്റൽ മിഷൻ എംപാനൽ ചെയ്ത ഏക സർക്കാർ ഏജൻസിയാണ് ഐകെഎം എന്നും മന്ത്രി തോട്ടത്തിൽ രവീന്ദ്രൻ, ടി.ജെ. വിനോദ്, എം. രാജഗോപാലൻ, ആന്റണി ജോൺ, പി. നന്ദകുമാർ എന്നിവരെ അറിയിച്ചു.