കണ്ണൂരിൽ സിപിഎം സമവാക്യങ്ങളിൽ മാറ്റം; പി. ജയരാജന് വഴിയൊരുങ്ങുന്നു

ഇ.പി. ജയരാജന്‍റെ പതനവും പി. ശശിക്ക് പുറത്തേക്ക് വഴിതുറക്കുന്ന പി.വി. അൻവറിന്‍റെ വെളിപ്പെടുത്തലുകളും പി. ജയരാജന്‍റെ തിരിച്ചുവരവിന് വഴിയൊരുക്കും
P Jayarajan
പി. ജയരാജൻ
Updated on

സ്വന്തം ലേഖകൻ

കണ്ണൂർ: ഇ.പി. ജയരാജന്‍റെ പതനവും പി. ശശിക്ക് പുറത്തേക്ക് വഴിതുറക്കുന്ന പി.വി. അൻവറിന്‍റെ വെളിപ്പെടുത്തലുകളും സൃഷ്ടിച്ച കോളിളക്കത്തിൽ സിപിഎം ഉലയുമ്പോൾ കണ്ണൂരിലെ നേതൃസമ‌വാക്യങ്ങൾ മാറി മറിയുന്നു.

തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ഇ.പി. ജയരാജനും ആഭ്യന്തര വകുപ്പിന്‍റെ പരാജയത്തിന് ഉത്തരവാദിയെന്ന് നേതാക്കളും പ്രവർത്തകരും ഒരുപോലെ വിലയിരുത്തുന്ന പി. ശശിയും ഈ സമ്മേളനത്തോടെ സിപിഎം നേതൃത്വത്തിൽ നിന്ന് താഴേക്കിറങ്ങേണ്ടി വരുമെന്ന് ഉറപ്പായിരിക്കെ, പൂർവാധികം കരുത്തനായി ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് സംസ്ഥാന കമ്മിറ്റി അംഗമായ പി. ജയരാജൻ. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പി. ജയരാജൻ ഇക്കുറി ഉയർത്തപ്പെടുമെന്ന സൂചനകൾ ശക്തമാണ്.

പി. ജയരാജന്‍റെ മുഖ്യ എതിരാളിയായ ഇ.പി. ജയരാജന്‍റെ പതനമാണ് കണ്ണൂരിലെ സമവാക്യങ്ങളാകെ മാറ്റുന്നത്. കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി. ജയരാജന് മുഖ്യമന്ത്രി പിണറായി വിജയനിലും ഇടതുമുന്നണി സർക്കാരിലുമുള്ള സ്വാധീനം പി. ജയരാജനെ അരികിലേക്ക് ഒതുക്കി നിർത്തുന്നതിൽ പ്രധാന ഘടകമായിരുന്നു. എന്നാൽ, ഇപി സ്വയം കുഴിച്ച കുഴിയിൽ വീണ് മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് തെറിച്ചതിന് പിന്നാലെ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെടുമെന്നും ഉറപ്പായിട്ടുണ്ട്. രാഷ്ട്രീയം തന്നെ ഉപേക്ഷിക്കാനുള്ള ആലോചനയിലാണ് ഇപി.

ഇ.പി. ജയരാജന് വിനയായി മാറിയ വൈദേകം റിസോര്‍ട്ട് വിവാദം പാർട്ടിക്കുള്ളിൽ സജീവ ചർച്ചയായി നിലനിർത്തിയത് പി. ജയരാജനായിരുന്നു എന്നും ഇതിനിടെ സൂചനകളുണ്ടായിരുന്നു. റിസോർട്ടുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വവുമായി നടത്തിയ ഇടപാടുകളാണ് ഇപിയെ പല പാർട്ടി പ്രവർത്തകർക്കും അനഭിമതനാക്കിയത്. ഇപി അസ്തമിക്കുമ്പോൾ പി. ജയരാജൻ ഉദിച്ചുയരുന്നത് കണ്ണൂർ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളുണ്ടാക്കും.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ കെ. മുരളീധരനോടു പരാജയപ്പെട്ട പി. ജയരാജന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനവും തിരികെ നല്‍കിയിരുന്നില്ല. മത്സരിക്കാനായി പദവിയൊഴിഞ്ഞ പി. ജയരാജനു പകരം എം.വി. ജയരാജനെ ചുമതലപ്പെടുത്തുകയായിരുന്നു. തൊട്ടുപിന്നാലെ പി. ജയരാജനെതിരെ വ്യക്തിപൂജ ആരോപണമുയർന്നു. കണ്ണൂരില്‍ പി. ജയരാജന് ജനപിന്തുണയുണ്ടെങ്കിലും വിവാദങ്ങളുടെ സാഹചര്യത്തിൽ സംസ്ഥാന നേതൃനിരയില്‍ സജീവമായിരുന്നില്ല.

പി. ‌ജയരാജനെ തുടർച്ചയായി തഴയുന്നത് അണികളിൽ വലിയൊരു വിഭാഗത്തെ അതൃപ്തരാക്കിയിരുന്നു. ഇത് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ കൂടിയാണ് ഇക്കുറി അദ്ദേഹത്തെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താൻ ധാരണയായിട്ടുള്ളത്.

Trending

No stories found.

Latest News

No stories found.