#സച്ചിൻ വള്ളിക്കാട്
തൃശൂര്‍: കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തിന്റെ റെക്കോഡ് സിപിഎമ്മിലെ പി. ജയരാജനു തന്നെ സ്വന്തം. പുതുപ്പള്ളിയിലെ വേട്ടെണ്ണലിന്റെ ചില ഘട്ടങ്ങളില്‍ നാൽപ്പതിനായിരത്തിലധികം വോട്ട് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനു ലഭിച്ചപ്പോള്‍ ചരിത്രം രചിക്കുമെന്നു കരുതിയിരുന്നു. പിന്നീടെല്ലാം മാറി മറിഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ ജയരാജന്റെ റെക്കോഡ് ഭൂരിപക്ഷം കഴിഞ്ഞാല്‍ രണ്ടാമതു ചാണ്ടി ഉമ്മന്റേതാണ്.
2005ല്‍ കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പി. ജയരാജന് നേടിയ 45,377 വോട്ടിന്റെ ഭൂരിപക്ഷമാണു കേരളത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെ റെക്കോഡ് ഭൂരിപക്ഷം. 2001-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നു വിജയിച്ച ജയരാജന്റെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. ഒരു ഹര്‍ത്താല്‍ ദിവസം പോസ്റ്റ് ഓഫിസ് ആക്രമിച്ചതിനു ജയരാജനെ രണ്ടുവര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. ഇതു പരിഗണിക്കാതെ ജയരാജന്റെ പത്രിക സ്വീകരിച്ചതിനെതിരേ എതിര് സ്ഥാനാര്‍ഥി കെ. പ്രഭാകരനാണു ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഹര്‍ജി തള്ളിയെങ്കിലും സുപ്രീംകോടതി തെരഞ്ഞെടുപ്പ് അസാധുവാക്കി. തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ കെ. പ്രഭാകരന് തന്നെയായിരുന്നു വീണ്ടും ജയരാജന്റെ എതിരാളി.
2001ലെ പൊതുതെരഞ്ഞെടുപ്പില്‍ നേടിയ 18,620 വോട്ടിന്റെ ഭൂരിപക്ഷം ജയരാജന് രണ്ടിരട്ടിയിലേറെ ഉപതെരഞ്ഞെടുപ്പില്‍ ഉയര്‍ത്തി. അങ്ങനെ ഒരേ എതിരാളിയെത്തന്നെ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും തോൽപ്പിച്ചും ഒരേ നിയമസഭയില്‍ രണ്ടുതവണ സത്യപ്രതിജ്ഞ ചെയ്തും പി. ജയരാജന് പുതിയ ചരിത്രമെഴുതി. 37,719 വോട്ടിന്റെ ഭൂരിപക്ഷം നേടിയ ചാണ്ടി ഉമ്മനാണ് രണ്ടാമത്. 1992ല്‍ താനൂരില്‍ നിന്നും മുസ്ലിം ലീഗിലെ കുട്ടി അഹമ്മദ് കുട്ടി നേടിയ 28,183 വോട്ടിന്റെ ഭൂരിപക്ഷമാണ് മൂന്നാമത്.
ഉപതെരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം സിപിഎമ്മിലെ മത്തായി ചാക്കോയുടെ മരണത്തെത്തുടര്‍ന്ന് നടന്ന തിരുവമ്പാടിയിലായിരുന്നു. 2006ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ജോര്‍ജ് എം. തോമസ് മുസ്ലിം ലീഗിലെ വി.എം. ഉമ്മര്‍മാസ്റ്ററെ തോല്‍പ്പിച്ചത് 246 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ്.