ജനങ്ങളുടെ നിലപാടുകൾ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ: മന്ത്രി പി. രാജീവ്

''യുപിഎസ്‌സി നടത്തുന്നതിനെക്കാൾ നിയമനങ്ങൾ കേരളത്തിൽ പിഎസ്‌സി നടത്തുന്നുണ്ട്''
ജനങ്ങളുടെ നിലപാടുകൾ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ: മന്ത്രി പി. രാജീവ്
Updated on

#സ്വന്തം ലേഖകൻ

കളമശേരി: ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ജനങ്ങൾ നിലപാട് സ്വീകരിച്ചതിന്‍റെ ഫലമാണ് കേരള ചരിത്രത്തിലാദ്യമായി ഇടതുപക്ഷ സർക്കാരിനു തുടർച്ചയുണ്ടായതെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കളമശേരിയിൽ എൽഡിഎഫ് സർക്കാരിന്‍റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

എൽഡിഎഫിന് രണ്ടാമതും അധികാരം ലഭിച്ചപ്പോൾ മുൻ സർക്കാരിന്‍റെ നയങ്ങൾ പിന്തുടരുകയാണ് ചെയ്തത്. ഓരോ വർഷവും ജനങ്ങൾക്ക് മുൻപാകെ അതുവരെയുള്ള പ്രവർത്തനങ്ങളുടെ പ്രോഗ്രസ് കാർഡ് വച്ചു കൊണ്ടാണ് സർക്കാർ മുന്നോട്ടു പോകുന്നത്.

എല്ലാ മേഖലയിലും വലിയ പദ്ധതികളാണ് സർക്കാർ ഏറ്റെടുത്ത് നടപ്പാക്കുന്നത്. പൊതു സംവിധാനത്തിൽ അവയവമാറ്റം നടത്താൻ കേരളത്തിൽ മാത്രമാണ് കഴിയുന്നത്. പശ്ചാത്തല വികസനത്തിന് പ്രാധാന്യം കൊടുത്താണ് ഭൂമിയുടെ വില സംസ്ഥാന സർക്കാർ നൽകിക്കൊണ്ട് ദേശീയപാതാ വികസനം സാധ്യമാക്കിയത്.

വാട്ടർ മെട്രോ ലോകോത്തര നിലവാരത്തിലുള്ള സംസ്ഥാന പദ്ധതിതിയാണ്. കാസർകോഡ് - തിരുവനന്തപുരം ഹൈസ്പീഡ് ജലപാത യാഥാർഥ്യമാകുകയാണ്.

കേന്ദ്ര സർക്കാർ വിൽപ്പനയ്ക്കു വച്ച പൊതുമേഖലാ സ്ഥാപനങ്ങൾ ഏറ്റെടുക്കുക എന്നത് സർക്കാർ നയമാണ്. അതിന്‍റെ വിജയത്തിന് തെളിവാണ് 21 പത്രസ്ഥാപനങ്ങൾക്ക് പേപ്പർ നൽകാൻ വെള്ളൂർ ന്യൂസ് പ്രിന്‍റ് പ്രാപ്തമായി എന്നത്.

വ്യവസായ മേഖലയും പുതിയ ഉണർവിലാണ്. ഒന്നര ലക്ഷത്തോളം പുതിയ സംരംഭങ്ങൾ കഴിഞ്ഞ ഒരു വർഷം കൊണ്ട് നിലവിൽ വന്നു. അതിൽ 41,000 വനിതാ സംരംഭകരുടേതാണ്. ഐബിഎം, കോഗ്‌നിസെന്‍റ് പോലുള്ള ലോകോത്തര കമ്പനികൾ കേരളത്തിൽ പ്രർത്തനമാരംഭിച്ചു.

യുപിഎസ്‌സി നടത്തുന്നതിനെക്കാൾ നിയമനങ്ങൾ കേരളത്തിൽ പിഎസ്‌സി നടത്തുന്നുണ്ട്. ഇന്ത്യക്ക് മാതൃകയായി ക്ഷേമപെൻഷനുകൾ നിലനിൽക്കുന്നത് കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ സിപിഐ എക്സിക്യൂട്ടീവ് അംഗം എം ടി നിക്സൺ അധ്യക്ഷനായി. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം സി.എം. ദിനേശ് മണി, ജില്ലാ സെക്രട്ടറിയറ്റ് അംഗം സി.കെ. പരീത്, സിപിഐ സംസ്ഥാന കമ്മിറ്റിയംഗം എൻ. അരുൺ, കേരള കോൺഗ്രസ് എം ജില്ലാ എക്സിക്യൂട്ടീവ് അംഗം സജിമോൻ കോട്ടയ്ക്കൽ, എം.എൽ. ജോയി (ജനാധിപത്യ കേരള കോൺഗ്രസ്), പി.വി. ജോൺസൺ (എൻസിപി), കെ.എം.എ. ജലീൽ (ഐഎൻഎൽ), ജബ്ബാർ തച്ചയിൽ (ജെഡിഎസ്), എ.ടി.സി. കുഞ്ഞുമോൻ (കോൺഗ്രസ് എസ്) തുടങ്ങിയവർ പങ്കെടുത്തു. സിപിഎം ഏരിയ സെക്രട്ടറി കെ.ബി. വർഗീസ് സ്വാഗതവും ടി.ടി. രതീഷ് നന്ദിയും പറഞ്ഞു.

Trending

No stories found.

Latest News

No stories found.