കളമശേരി: സംസ്ഥാന സർക്കാർ കളമശേരിയിൽ പുതുതായി ആരംഭിക്കുന്ന സയൻസ് പാർക്ക് ഏലൂർ ഫാക്ടിന് കീഴിലുള്ള 15 ഏക്കറിൽ സ്ഥാപിക്കാൻ ആലോചിക്കുന്നതായി വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.
പദ്ധതി പ്രദേശം സന്ദർശിച്ച ശേഷം മാധ്യമങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സ്ഥലം ലഭ്യമാക്കണമെന്ന് അഭ്യർഥിച്ച് ഫാക്ടിന് അപേക്ഷ സമർപിച്ചിട്ടുണ്ട്. ഫാക്ട്, കേന്ദ്രസർക്കാർ അംഗീകാരം ലഭിക്കുന്നതോടെ എത്രയും വേഗം നിർമാണം ആരംഭിക്കും. 200 കോടി രൂപയുടേതാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചതാണ് കളമശേരിയിലെ സയൻസ് പാർക്ക് പദ്ധതി. മാർച്ചിൽ മന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നൽകി. കൊച്ചി സർവ്വകലാശാലയെ പ്രിൻസിപ്പൽ അസോസിയേറ്റ് യൂണിവേഴ്സിറ്റിയാക്കി ആരംഭിക്കുന്ന പദ്ധതിയിലൂടെ രണ്ട് ബ്ലോക്കുകളിലായി പത്ത് ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള പാർക്കാണ് സ്ഥാപിക്കുന്നത്. വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള യാത്രക്ക് കൂടുതൽ വേഗവും കരുത്തും പകരും സയൻസ് പാർക്ക്.
കളമശേരിക്ക് പുറമെ തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലും പുതുതായി സയൻസ് പാർക്ക് നിർമിക്കുന്നുണ്ട്. പുതിയ മെറ്റീരിയലുകളുടെ വികസനം, ഘടനാപരമായ ജീവശാസ്ത്രം, മെഡിക്കൽ,ജീനോമിക് ഗവേഷണം, കൺസ്ട്രക്ഷൻ ടെക്നോളജി, ഗ്രീൻ മൊബിലിറ്റി സംരംഭങ്ങൾ തുടങ്ങിയ വിഷയമേഖകളെ അടിസ്ഥാനമാക്കിയാണ് പാർക്കുകൾ പ്രവർത്തിക്കുക. പുതിയ ആഗോള ഗവേഷണ പ്രവണതകൾ, ഭാവി സാങ്കേതിക-വ്യാവസായിക സാധ്യതകൾ എന്നിവയെ ആസ്പദമാക്കി നടന്ന വിദഗ്ധ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് വിഷയമേഖലകൾ നിശ്ചയിച്ചത്. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ആയിരിക്കും പദ്ധതി നടപ്പാക്കാനുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ. വിദഗ്ധർ ഉൾപ്പെട്ട കൺസൾട്ടേറ്റീവ് കമ്മിറ്റി മേൽനോട്ടം വഹിക്കും. കിഫ്ബി ധനസഹായം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഫാക്ട് സിഎംഡി കിഷോർ രുംഗ്തയും കൊച്ചി സർവ്വകലാശാലാ വി.സി ഡോ.കെ.എൻ. മധുസൂദനനും മന്ത്രിക്കൊപ്പമുണ്ടായി.