ഐഎസ്ഐ ഏജന്റാണെന്ന് സംശയം: സീമ ഹൈദർ യുപി എടിഎസ് കസ്റ്റഡിയിൽ
ലക്നൗ: ഓൺലൈൻ ഗെയിമായ പബ്ജിയിലൂടെ പരിചയപ്പെട്ട ഇന്ത്യൻ യുവാവിനെ വിവാഹം ചെയ്യാൻ നോയിഡയിലെത്തിയ പാക് യുവതി സീമ ഹൈദറിനെ യുപി പൊലീസിന്റെ ഭീകരവിരുദ്ധ വിഭാഗം (എടിഎസ്) കസ്റ്റഡിയിലെടുത്തു. സീമയുടെ കാമുകൻ സച്ചിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്യാൻ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റി. സീമ പാക് ചാര സംഘടന ഐഎസ്ഐയുടെ ഏജന്റാണെന്ന സംശയത്തെത്തുടർന്നാണു നടപടി. സീമയുടെ സഹോദരൻ പാക് സൈന്യത്തിലാണു ജോലി ചെയ്യുന്നതെന്നു വിവരം ലഭിച്ചിരുന്നു.
ഗ്രേറ്റർ നോയിഡ സ്വദേശി സച്ചിൻ മീണയെ കാണാൻ നേപ്പാൾ വഴി അനധികൃതമായി രാജ്യത്തെത്തുകയായിരുന്നു സീമ. ആദ്യ വിവാഹത്തിലെ 4 കുട്ടികളും സീമയ്ക്കൊപ്പമുണ്ട്. കഴിഞ്ഞ നാലിന്, അറസ്റ്റിലായ സച്ചിനും സീമയ്ക്കും കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഇതിനുശേഷം സച്ചിന്റെ വീട്ടിലായിരുന്ന സീമ, താൻ ഹിന്ദു മതം സ്വീകരിച്ചെന്നും ഇനി പാക്കിസ്ഥാനിലേക്കു മടങ്ങാൻ താത്പര്യമില്ലെന്നും അറിയിച്ചിരുന്നു.
അതേസമയം, സീമയുടെ "ഒളിച്ചോട്ടത്തിൽ' പ്രണയം മാത്രമാണുള്ളതെന്നാണു പാക്കിസ്ഥാനിലെ ഇന്റലിജൻസ് ഏജൻസി പാക് സർക്കാരിനു നൽകിയ റിപ്പോർട്ട്. സീമ ഇന്ത്യയിലേക്കു കടന്നതിനും ഹിന്ദു മതം സ്വീകരിച്ചതിനുമുള്ള പ്രതികാരമായി പാക്കിസ്ഥാനിലെ ക്ഷേത്രങ്ങൾക്കു നേരേ മതതീവ്രവാദികളുടെ ആക്രമണം രൂക്ഷമാണ്. ഇതേസമയം, സീമ മക്കളെയും കൂട്ടി ഇപ്പോൾ തിരിച്ചെത്തിയാലും സ്വീകരിക്കാൻ തയാറാണെന്നു ഭർത്താവ് ഗുലാം ഹൈദർ പറഞ്ഞു. പുതിയ ജീവിതം തുടങ്ങാമെന്നും ആരും സീമയെ കുറ്റപ്പെടുത്തില്ലെന്നുമാണു ഹൈദറിന്റെ വാഗ്ദാനം.