പാലക്കാടൻ കാറ്റ് മൂന്നാം തവണയും

സ്കൂളുകളിൽ മലപ്പുറം ജില്ലയിലെ കടകശേരി ഐഡിയല്‍ ഇഎച്ച്എസ്എസ് (57 പോയിന്‍റ്) ഒന്നാമതെത്തി.
പാലക്കാട് ടീം ട്രോഫിയുമായി
പാലക്കാട് ടീം ട്രോഫിയുമായി
Updated on

സച്ചിന്‍ വള്ളിക്കാട്

കുന്നംകുളം: പാലക്കാടന്‍ കോട്ട തകര്‍ന്നില്ല, കുന്നംകുളത്തും. കൗമാരക്കരുത്തുമായി ട്രാക്കും ഫീല്‍ഡും അടക്കി ഭരിച്ച പാലക്കാട് 65ാമത് സംസ്ഥാന സ്കൂള്‍ സ്കൂള്‍ കായികമേളയിലും കിരീടത്തില്‍ വീണ്ടും മുത്തമിട്ടു.

ആദ്യദിനം മുതലേ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് പാലക്കാടിന്‍റെ ചുണക്കുട്ടികള്‍ കിരീടം കാത്തത്. 4 ദിവസം നടന്ന മത്സരത്തില്‍ ഒരിക്കല്‍പ്പോലും തങ്ങളുടെ പോയിന്‍റ് നിലയ്ക്ക് അടുത്തെവിടെയുമെത്താന്‍ മറ്റൊരു ജില്ലയേയും അവർ അനുവദിച്ചില്ല. 2019, 2022 മേളകൾക്കു പിന്നാലെ, തുടര്‍ച്ചയായ മൂന്നാം തവണയാണ് പാലക്കാട് കിരീടം നേടുന്നത്.

സ്കൂളുകളിൽ മലപ്പുറം ജില്ലയിലെ കടകശേരി ഐഡിയല്‍ ഇഎച്ച്എസ്എസ് (57 പോയിന്‍റ്) മുന്‍കാലങ്ങളില്‍ ചാംപ്യന്‍ പട്ടം കുത്തകയാക്കി വച്ചിരുന്ന പാലക്കാട്ടെ കുമരംപുത്തൂരിനെയും പറളിയെയും എറണാകുളം മാര്‍ ബേസിലിനെയും പിന്തള്ളി ഒന്നാമതെത്തി.

266 പോയിന്‍റ് നേടിയാണ് പാലക്കാട് ഒന്നാം സ്ഥാനം നേടി ആധിപത്യം ഉറപ്പിച്ചത്- 28 സ്വര്‍ണവും 27വെള്ളിയും 12 വെങ്കലവും. രണ്ടാമതെത്തിയ മലപ്പുറത്തിന് 13 സ്വര്‍ണവും 22 വെള്ളിയും 20 വെങ്കലവും ഉള്‍പ്പെടെ 168 പോയിന്‍റുകള്‍. കോഴിക്കോട് 95 പോയിന്‍റോടെ മൂന്നാം സ്ഥാനത്തെത്തി; 10 സ്വര്‍ണവും 7 വെളളിയും 12 വെങ്കലവും. എറണാകുളം (88), തിരുവനന്തപുരം (59), കണ്ണൂര്‍(48), കാസര്‍ഗോഡ് (46), കോട്ടയം (42), ആലപ്പുഴ (42), തൃശൂര്‍ (25), ഇടുക്കി(25), കൊല്ലം (23), വയനാട് (20), പത്തനംതിട്ട (7) എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ നില.

സബ് ജൂനിയര്‍, ജൂനിയര്‍ ബോയ്സ് വ്യക്തിഗത ചാംപ്യന്‍, അതല്റ്റിക്സ് വ്യക്തിഗത ചാംപ്യന്‍, സീനിയര്‍ ഗേള്‍സ് ചാംപ്യന്‍ പട്ടവും പാലക്കാട് നേടി. മേളയില്‍ ആകെ 6 റെക്കോഡുകള്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍ അവയില്‍ മൂന്നും പാലക്കാട് സ്വന്തമാക്കി. സീനിയര്‍ ഗേള്‍സ്, ബോയ്സ്, ജൂനിയര്‍ ബോയ്സ്, സബ് ജൂനിയര്‍ ബോയ്സ് ചാംപ്യന്‍ പട്ടവും പാലക്കാടിനാണ്.

ഒന്നാം സ്ഥാനം ലഭിച്ച കായിക താരങ്ങള്‍ക്ക് 2,000 രൂപയും രണ്ടാം സ്ഥാനം ലഭിച്ചവര്‍ക്ക് 1,500 രൂപയും മൂന്നാം സ്ഥാന കാര്‍ക്ക് 1,250 രൂപയും സര്‍ട്ടിഫിക്കറ്റും മെഡലും നല്‍കി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിച്ച ജില്ലകള്‍ക്ക് യഥാക്രമം 2,20,000 രൂപയും 1,65,000 രൂപയും 1,10,000 രൂപയും സമ്മാനത്തുക നല്‍കി. ഓരോ വിഭാഗത്തിലും വ്യക്തിഗത ചാംപ്യരായ കുട്ടികള്‍ക്ക് 4 ഗ്രാം സ്വര്‍ണപ്പതക്കം. സംസ്ഥാന റെക്കോഡ് സ്ഥാപിച്ച താരങ്ങള്‍ക്ക് 4,000 രൂപ വീതവും സമ്മാനമായി നല്‍കി. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ പുരസ്കാരങ്ങൾ സമ്മാനിച്ചു.

Trending

No stories found.

Latest News

No stories found.