പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ ആറുമണിയോടെ പോളിങ് പൂർത്തിയായി. 184 പോളിങ് ബൂത്തുകളിലായി 70.22 ശതമാനം പോളിങ് രേഖപ്പെടുത്തി. പാലക്കാട് നഗരസഭയിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. കണ്ണാടി ഗ്രാമ പഞ്ചായത്തിലാണ് ഏറ്റവും കുറവ് പോളിങ്. എൽഡിഎഫ് യുഡിഎഫ് ബിജെപി സ്ഥാനാർഥികളുൾപ്പെടെ 10 സ്ഥാനാർഥികളാണ് മത്സര രംഗത്തുളളത്.
നിലവിൽ പോളിങ് അവസാനിച്ചെങ്കിലും ടോക്കൺ വാങ്ങി ക്യൂവിൽ നിൽക്കുന്നവർക്ക് വോട്ടിംഗിന് അവസരമുണ്ടാകുമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസ് അറിയിച്ചു. സാങ്കേതിക പ്രശ്‌നങ്ങളാണ് ചില ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകാന്‍ കാരണമായത്.
മോക് പോളിങിനുശേഷം രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ആറുമണിയോടെ തന്നെ പോളിങ് ബൂത്തുകളിലേക്ക് ആളുകള്‍ എത്തിയിരുന്നു. കഴിഞ്ഞ തവണ 74 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയിരുന്നത്.