പ്രവചനാതീതം പാലക്കാട്

വയനാടിനും ചേലക്കരയ്ക്കുമൊപ്പം കഴിഞ്ഞയാഴ്ച തെരഞ്ഞെടുപ്പ് നടന്നിരുന്നെങ്കിലുള്ള സ്ഥിതിയല്ല ഇപ്പോൾ. അന്ന് ഏറെ മുന്നിലായിരുന്ന സ്ഥാനാർഥി ഇപ്പോൾ മൂന്നാമതാവുമോ എന്ന് ആശങ്കപ്പെടാവുന്ന അവസ്ഥ
രാഹുൽ മാങ്കൂട്ടത്തിൽ, പി. സരിൻ, സി. കൃഷ്ണകുമാർ | Rahul Mankoottathil, P Sarin, C Krishnakumar
രാഹുൽ മാങ്കൂട്ടത്തിൽ, പി. സരിൻ, സി. കൃഷ്ണകുമാർ
Updated on

എം.ബി. സന്തോഷ്

തിരുവനന്തപുരം: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പു പ്രചാരണം കൊട്ടിക്കലാശത്തിലെത്തുമ്പോൾ ഫലം പ്രവചനാതീതം. വയനാടിനും ചേലക്കരയ്ക്കുമൊപ്പം കഴിഞ്ഞയാഴ്ച തെരഞ്ഞെടുപ്പ് നടന്നിരുന്നെങ്കിലുള്ള സ്ഥിതിയല്ല ഇപ്പോൾ. അന്ന് ഏറെ മുന്നിലായിരുന്ന സ്ഥാനാർഥി ഇപ്പോൾ മൂന്നാമതാവുമോ എന്ന് ആശങ്കപ്പെടാവുന്ന അവസ്ഥ.

വിഷയങ്ങൾ മാത്രമല്ല, സ്ഥാനാർഥികളും നേതാക്കളും മാറിമറിഞ്ഞ തെരഞ്ഞെടുപ്പു പ്രചാരണമായിരുന്നു പാലക്കാട്ടത്തേത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ കെപിസിസിയുടെ നേതാവായിരുന്ന ഡോ. പി. സരിൻ എൽഡിഎഫിന്‍റെ സ്വതന്ത്ര സ്ഥാനാർഥിയായി. ബിജെപി സ്ഥാനാർഥിയാകാൻ പരിഗണിച്ച സംസ്ഥാന വക്താവ് സന്ദീപ് വാര്യർ അവസാനഘട്ടത്തിൽ കോൺഗ്രസിന്‍റെ താരപ്രചാരകനാണ്. സംസ്ഥാന, ജില്ലാ നേതാവായിരുന്ന അരഡസനിലേറെ കോൺഗ്രസ് നേതാക്കൾ എൽഡിഎഫിനൊപ്പം ചേർന്ന പ്രത്യേകതയുമുണ്ട്.

സന്ദീപ് വാര്യർ എത്തിയതോടെ യുഡിഎഫിന്‍റെ വിജയം അരക്കിട്ടുറപ്പിച്ചു എന്നാണ് കോൺഗ്രസിന്‍റെ അവകാശവാദം. ബിജെപിയുമായി തെറ്റിനിൽക്കുന്ന മൂത്താൻ സമുദായത്തിലെ വോട്ടുകൾ യുഡിഎഫിന് അനുകൂലമാവാൻ ഇത് വഴിയൊരുക്കുമെന്നാണ് കണക്കുകൂട്ടൽ. ആദ്യഘട്ടത്തിൽ നേതാക്കളുടെ കൊഴിഞ്ഞുപോക്കിനെ തുടർന്നുള്ള കിതപ്പിന് ഇതോടെ മറുപടിയായെന്ന ആത്മവിശ്വാസവും യുഡിഎഫിനുണ്ട്. കെ. കരുണാകരന്‍റെ കുടുംബത്തെ അപമാനിച്ചുവെന്ന ആക്ഷേപവും കെ. മുരളീധരന്‍റെ "ഇടഞ്ഞുനിന്നു കൊണ്ടുള്ള പിന്തുണ'യും കോൺഗ്രസ് നേതൃത്വത്തെ വലയ്ക്കുന്നുണ്ടെങ്കിലും അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നാണ് വിശ്വാസം.

യുഡിഎഫ് - എൽഡിഎഫ് ക്യാംപുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോഴുണ്ടായ അസ്വസ്ഥതകളും "നാട്ടുകാരനായ സ്ഥാനാർഥി' എന്ന നേട്ടവും സി. കൃഷ്ണകുമാറിന് ഗുണമായി മാറുമെന്ന് ബിജെപി പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് സന്ദീപ് വാര്യർ മറുകണ്ടം ചാടിയത്. കഴിഞ്ഞ തവണ ഇ. ശ്രീധരൻ നേടിയ കുതിപ്പ് ഇക്കുറി പ്രാദേശിക സ്ഥാനാർഥി എന്ന മികവിലൂടെ വിജയം എത്തിപ്പിടിക്കലായിരുന്നു ലക്ഷ്യം. ശോഭ സുരേന്ദ്രൻ വിഭാഗം പാലക്കാട്ട് എതിർപക്ഷം ആണെന്ന് പ്രചരിപ്പിക്കുമ്പോൾ തന്നെ സന്ദീപ് വാര്യർ എതിരാളികളുടെ കുന്തമുന ആയി മാറി എന്നു മാത്രമല്ല, പാലക്കാട്ട് ബിജെപി അണികളെ വികാരപരമായി സ്വാധീനിക്കാവുന്ന വിഷയങ്ങൾ ഉന്നയിക്കുകയും ചെയ്തു.

മൂന്നാമതായിരുന്ന വട്ടിയൂർക്കാവിനെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തിൽ തിരിച്ചുപിടിച്ചത് ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് പ്രചാരണം. സിവിൽ സർവീസ് രാജിവച്ച ഡോക്റ്ററാ‍യ സരിന് കഴിഞ്ഞ തവണ ഇ. ശ്രീധരന് ലഭിച്ച നിഷ്പക്ഷ വോട്ടുകൾക്കു പുറമേ ചെറുപ്പക്കാരുടെ വോട്ടുകളും സമാഹരിക്കാനാവുമെന്ന് എൽഡിഎഫ് പ്രതീക്ഷിക്കുന്നു. അസംതൃപ്തരുണ്ടായിരുന്നെങ്കിലും അവരെ അനുനയിപ്പിച്ച് പ്രചാരണത്തിന് മുന്നിൽ നിർത്താൻ സാധിച്ചത് സിപിഎം സംഘടനാ സംവിധാനത്തിന്‍റെ മികവായി. ബാബറി മസ്ജിദ് തകർച്ച മുഖ്യമന്ത്രി തന്നെ ഉന്നയിച്ചത് നഗരസഭാ പരിധിയിൽ കൂടുതൽ വോട്ട് ലക്ഷ്യമിട്ടാണെന്ന് വ്യക്തമാണ്.

സിറ്റിങ് സീറ്റ് നിലനിർത്തിയില്ലെങ്കിൽ യുഡിഎഫിന് അടുത്ത ഭരണം ഉൾപ്പെടെയുള്ള ആഗ്രഹങ്ങൾ മോഹങ്ങളായി അവശേഷിക്കും. തൃശൂരിൽ എംപിയെ ജയിപ്പിച്ച ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട പാലക്കാട് വീണ്ടെടുത്തില്ലെങ്കിൽ തുടർന്നുള്ള തെരഞ്ഞെടുപ്പുകൾ സുഗമമാവില്ല. പാർലമെന്‍റ് തെരഞ്ഞെടുപ്പിലെ കനത്ത തോൽവി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് അണികളെ ബോധ്യപ്പെടുത്തണമെങ്കിൽ എൽഡിഎഫിന് പാലക്കാട് പിടിച്ചെടുത്തേ മതിയാവൂ.

Trending

No stories found.

Latest News

No stories found.