പുഴയുടെ നടുവിൽ കുടുങ്ങിയ കുട്ടികളെ ഫയർഫോഴ്സ് രക്ഷിച്ചു

കഴിഞ്ഞദിവസം മൈസൂരിൽ നിന്നെത്തിയ ഒരു കുടുംബത്തിലെ 4 പേര്‍ ചിറ്റൂര്‍ പുഴയില്‍ അകപ്പെട്ട അതേസ്ഥലത്തു തന്നെയാണ് കുട്ടികളും കുടുങ്ങിയത്.
palakkad children who were stuck in the middle of the river rescued
പുഴയുടെ നടുവിൽ കുടുങ്ങിയ കുട്ടികളെ ഫയർഫോഴ്സ് രക്ഷിച്ചു video screenshot
Updated on

പാലക്കാട്: കനത്ത വെള്ളപ്പാച്ചിലനിടെ ചിറ്റൂര്‍ പുഴയില്‍ കുളിക്കാനിറങ്ങി നടുവിൽ കുടുങ്ങിയ രണ്ടു കുട്ടികളെ ഫയർഫോഴ്സ് സംഘം സാഹസികമായി രക്ഷപ്പെടുത്തി. ചിറ്റൂര്‍ പുഴയുടെ നരണി ഭാഗത്ത് ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം. രക്ഷപ്പെടുത്തിയ കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങളില്ല.

പ്രദേശവാസികളായ മൂന്നു കുട്ടികളാണ് ചിറ്റൂർ പുഴയിൽ മീൻപിടിക്കാനും കുളിക്കാനും ഇറങ്ങിയത്. നരണി തടയണയുടെ ഭാഗത്ത് നിന്ന് മീറ്ററുകൾ അകലെയാണ് ഇവർ കുടുങ്ങിയത്. സമീപത്ത് ജോലിക്കായി എത്തിയ മൂന്ന് യുവാക്കളാണ് കുട്ടികള്‍ പുഴയില്‍ അകപ്പെട്ടതായി കണ്ടതും അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചതും. മൂന്നു കുട്ടികളില്‍ ഒരാളെ യുവാക്കളാണ് രക്ഷപ്പെടുത്തിയത്. തുടർന്ന് ചിറ്റൂർ ഫയർഫോഴ്സ് സംഘം ഇവിടെയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

ആദ്യം കയർ കെട്ടിയിറങ്ങിയ അഗ്നിരക്ഷാ സംഘം കുട്ടികളുടെ അടുത്തെത്തി. നിൽക്കുന്ന സ്ഥലത്ത് നിന്ന് മാറരുതെന്ന് രണ്ട് കുട്ടികൾക്കും ഉദ്യോഗസ്ഥൻ നിർദേശം നൽകി. തുടർന്ന് കുട്ടികൾ നിന്നിടത്തേക്ക് ഏണി എത്തിച്ചായിരുന്ന രക്ഷാപ്രവർത്തനം. ഏണിയിൽ കയറി രണ്ടു കുട്ടികളും കരയിലേക്ക് എത്തുകയായിരുന്നു.

കഴിഞ്ഞദിവസം മൈസൂരിൽ നിന്നെത്തിയ ഒരു കുടുംബത്തിലെ നാലുപേര്‍ ചിറ്റൂര്‍ പുഴയില്‍ അകപ്പെട്ട അതേസ്ഥലത്തു തന്നെയാണ് കുട്ടികളും കുടുങ്ങിയത്. കുട്ടികള്‍ ഇറങ്ങിയ സമയത്ത് പുഴയില്‍ ഒരുപാട് വെള്ളമുണ്ടായിരുന്നില്ല എന്നാണ് വിവരം. പിന്നീട് നീരൊഴുക്ക് ശക്തമാകുകയായിരുന്നു. പ്രദേശത്ത് മഴയില്ലാതിരുന്നത് രക്ഷാപ്രവർത്തനം സുഗമമാക്കി.

Trending

No stories found.

Latest News

No stories found.