പാലക്കാട്: ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ദിവസം രണ്ട് മുസ്‌ലിം പത്രങ്ങളിൽ യുഡിഎഫിനെതിരേ ഒന്നാം പേജ് പരസ്യം നൽകി ഇടതു മുന്നണി നടത്തിയ നീക്കം അവസാന മണിക്കൂറുകളിൽ പാലക്കാട്ടെ പ്രചാരണ രംഗം കലുഷമാക്കി. സരിൻ തരംഗം എന്ന വലിയ തലക്കെട്ടോടെയാണ് സുന്നി കാന്തപുരം വിഭാഗത്തിന്‍റെ മുഖപത്രമായ സിറാജിലും സമസ്ത സുന്നി വിഭാഗത്തിന്‍റെ മുഖപത്രമായ സുപ്രഭാതത്തിലും ഇന്നലെ ഒന്നാം പേജ് പരസ്യം പ്രത്യക്ഷപ്പെട്ടത്.
വാർത്താ ശൈലിയിലുള്ള അഡ്വെർട്ടോറിയലിൽ സരിൻ തരംഗം എന്ന ലീഡ് വാർത്തയ്ക്ക് താഴെ, ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരുടെ മുസ്‌ലിം വിരുദ്ധ ഫേസ്ബുക്ക് പോസ്റ്റുകളാണ് നിറയെ. ഈ വിഷ നാവിനെ സ്വീകരിക്കുകയോ ഹാ കഷ്ടം എന്ന തലക്കെട്ടിൽ സന്ദീപ് വാര്യർ ആർഎസ്എസ് വേഷത്തിൽ നിൽക്കുന്ന ചിത്രവും നൽകിയിരിക്കുന്നു. മതേതരവാദിയായ സരിനെ പോലെ ഒരാളെ പുറത്താക്കി വർഗീയതയുടെ കാളകൂടവിഷത്തെ സ്വീകരിച്ചുവെന്നാണ് പരസ്യത്തിൽ വിമർശിക്കുന്നത്.
തന്നെ വ്യക്തിഹത്യ ചെയ്യുന്ന പരസ്യത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് സന്ദീപ് വാര്യർ വ്യക്തമാക്കി. തന്‍റേതെന്ന പേരിൽ പരസ്യത്തിൽ കൊടുത്തിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ പലതും വ്യാജമാണെന്ന് സന്ദീപ് പറഞ്ഞു. രണ്ടു മുസ്‌ലിം പത്രങ്ങളിൽ മാത്രം പരസ്യം നൽകി ബിജെപിയെ പോലെ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. പരസ്യം നൽകിയത് എൽഡിഎഫ് ആണെങ്കിലും ഇതിന് പണം നൽകിയത് ബിജെപിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദീപ് വാര്യർ ഇപ്പോഴും ആർഎസ്എസ് ആണെന്നും അദ്ദേഹത്തിന്‍റെ വിവാദ ഫേസ്ബുക്ക് പോസ്റ്റുകൾ ഇതുവരെ നീക്കം ചെയ്തിട്ടില്ലെന്നും സിപിഎം നേതാവ് എ.കെ. ബാലൻ പ്രതികരിച്ചു. ഫേസ്ബുക്കിലെ പരാമർശങ്ങൾ ഒക്കെ ഡിലീറ്റ് ചെയ്യാൻ കോൺഗ്രസ് പറയണമായിരുന്നു. സന്ദീപ് ആർഎസ്എസ് ആശയം ഉപേക്ഷിച്ചിട്ടില്ല. സന്ദീപിന്‍റെ അമ്മ ആർഎസ്എസിന് വിട്ടുകൊടുത്ത സ്ഥലം ഇപ്പോൾ ആരുടെ നിയന്ത്രണത്തിലാണെന്നും ബാലൻ ചോദിച്ചു.
തെരഞ്ഞെടുപ്പിന്‍റെ തലേന്ന് രണ്ട് പത്രങ്ങളിൽ ഇടതു മുന്നണി വിവാദ പരസ്യം നൽകിയതിനെക്കുറിച്ച് തെരഞ്ഞെടുപ്പു കമ്മീഷൻ അന്വേഷണമാരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു കമ്മീഷന്‍റെ മീഡിയാ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി ഇല്ലാതെയാണ് പരസ്യം നൽകിയതെന്നാണ് സൂചന. ജില്ലാ ഭരണകൂടം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കാഫിർ സ്ക്രീൻഷോട്ടിന്‍റെ പാലക്കാട് പതിപ്പ്: വി.ഡി. സതീശൻ
വടകരയിൽ തെരഞ്ഞെടുപ്പിന്‍റെ അവസാന ദിവസങ്ങളിൽ ഷാഫി പറമ്പിലിനെ തോൽപിക്കാൻ കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതിന് സമാനമായാണ് പാലക്കാട് മുസ്‌ലിം പത്രങ്ങളിൽ വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകി വർഗീയ പ്രചാരണത്തിന് സിപിഎം ശ്രമിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
സന്ദീപ് വാര്യർ ബിജെപിയുടെ വെറുപ്പിന്‍റെ രാഷ്‌ട്രീയം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നതിനെയാണ് സിപിഎം വർഗീയ വത്കരിക്കാൻ ശ്രമിക്കുന്നത്. സ്വന്തം പത്രമായ ദേശാഭിമാനിയിൽ പോലും കൊടുക്കാതെയാണ് മുസ്‌ലിം പത്രങ്ങളിൽ വർഗീയ പ്രചാരണത്തിന്‍റെ സ്വഭാവത്തിലുള്ള പരസ്യം നൽകിയിരിക്കുന്നത്. പാലക്കാട് മൂന്നാം സ്ഥാനത്ത് പോകുമെന്ന് ഉറപ്പായിട്ടും ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയെ ജയിപ്പിക്കാനുള്ള ഹീനമായ തന്ത്രം നടപ്പാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. എന്തു വന്നാലും യുഡിഎഫ് തോൽക്കണമെന്ന വാശിയാണ് സിപിഎമ്മിന്. ഞങ്ങൾ പുരോഗമന പാർട്ടിയോ കമ്യൂണിസ്റ്റ് പാർട്ടിയോ അല്ലെന്നും തീവ്ര വലതുപക്ഷ പിന്തിരിപ്പൻ പാർട്ടിയാണെന്നുമാണ് തെരഞ്ഞെടുപ്പിന്‍റെ തലേ ദിവസം സിപിഎം പുരപ്പുറത്ത് കയറി വിളിച്ചു പറയുന്നത്. സിപിഎമ്മിനെ ഓർത്ത് ലജ്ജിക്കുന്നുവെന്നും സംഘപരിവാർ പോലും സിപിഎമ്മിന് മുന്നിൽ നാണിച്ച് തലതാഴ്ത്തുന്നുവെന്നും സതീശൻ പറഞ്ഞു.
സിപിഎമ്മിന്‍റെ ഗതികേട്: കെ. സുധാകരൻ
സന്ദീപ് വാര്യരെ അവമതിച്ച് സിപിഎം പത്രപരസ്യം വരെ നടത്തിയത് അവരുടെ ഗതികേടുകൊണ്ടാണെന്നും അന്തംവിട്ടവന്‍ എന്തും ചെയ്യുന്ന ദയനീയാവസ്ഥയിലാണ് പാര്‍ട്ടിയെന്നും കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. പരാജയഭീതി പാര്‍ട്ടിയെ തുറിച്ചുനോക്കുന്ന അവസ്ഥയിലാണ് സിപിഎം. പാര്‍ട്ടി എന്തുമാത്രം പ്രതിരോധത്തിലാണെന്ന് പരസ്യം സൂചിപ്പിക്കുന്നു. എല്ലാ മര്യാദകളും മാന്യതയും ലംഘിച്ചുകൊണ്ട് സിപിഎം പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കുമെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
എ.കെ. ബാലന്‍ ഉള്‍പ്പെടെയുള്ള സിപിഎമ്മിന്‍റെ നേതാക്കള്‍ സന്ദീപ് വാര്യര്‍ നിഷ്കളങ്കനാണെന്നും ക്രിസ്റ്റല്‍ ക്ലിയറാണെന്നും പറഞ്ഞിട്ട് ദിവസങ്ങള്‍ പോലുമായില്ല. അദ്ദേഹത്തെ സിപിഎമ്മിലേക്ക് ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുമെന്ന് പറഞ്ഞത് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും മുന്‍മന്ത്രി എ.കെ. ബാലനും മന്ത്രി എം.ബി. രാജേഷും ഉള്‍പ്പെടെയുള്ള നേതാക്കളാണ്. അവരാണ് ഇപ്പോള്‍ സന്ദീപിനെതിരേ വര്‍ഗീയത പറയുന്നത്. ഓന്തുപോലും ഇപ്പോള്‍ രാവിലെയും വൈകുന്നേരവും ഇവരെ കണ്ട് നമസ്‌കരിക്കുകയാണ്.
മുനമ്പം പ്രശ്നം പരിഹരിക്കാന്‍ ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും മുന്‍കൈ എടുത്ത നടത്തിയ ചര്‍ച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ടുപഠിക്കണം. ഈ വിഷയം പരിഹരിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കാതിരുന്നത് വര്‍ഗീയ ശക്തികളെ ഭയന്നാണ്. ബാബ്റി മസ്ജിദ് തകര്‍ത്തപ്പോള്‍ ഉള്‍പ്പെടെ വര്‍ഗീയ സംഘര്‍ഷങ്ങളെ ഊതിക്കെടുത്തിയ മഹനീയ പാരമ്പര്യം പേറുന്ന സാദിഖലി തങ്ങള്‍ക്കെതിരേ മുഖ്യമന്ത്രി രംഗത്തുവന്നതും ബിജെപിയെ സന്തോഷിപ്പിക്കാനാണ്. പിണറായി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിനെതിരായ വികാരവും യുഡിഎഫിന് അനൂകൂലമാണ്. എല്‍ഡിഎഫിന്‍റെയും ബിജെപിയുടെയും അണികള്‍ നേതൃത്വത്തിന്‍റെ നടപടികളില്‍ അസംതൃപ്തരാണ്. അവരെല്ലാം യുഡിഎഫിന് വോട്ടും ചെയ്യുമെന്ന് സുധാകരന്‍ പറഞ്ഞു.
പരസ്യത്തെ പരസ്യമായി തള്ളി സമസ്ത
സംഘടനാ മുഖപത്രത്തിലെ എൽഡിഎഫ് പരസ്യത്തിന്‍റെ ഉള്ളടക്കം തള്ളി സമസ്ത നേതൃത്വം. ഏതെങ്കിലും മുന്നണിയെയോ പാർട്ടിയെയോ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്ന പാരമ്പര്യം സമസ്തയ്ക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. പത്രത്തിൽ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി സമസ്തയ്ക്ക് ബന്ധമില്ലെന്ന് സമസ്ത പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.