പാലക്കാടിന് ജനവിധി ദിനം

വോട്ടർമാർ പോളിങ് ബൂത്തുകളിലേക്ക് നീങ്ങുമ്പോൾ മൂന്നു മുന്നണികളും പ്രതീക്ഷയിലാണ്
പാലക്കാടിന് ജനവിധി ദിനം | Palakkad polling day
പാലക്കാടിന് ജനവിധി ദിനംRepresentative image
Updated on

പാലക്കാട്: തെരഞ്ഞെടുപ്പിന് മുമ്പേ അട്ടിമറികൾ നടന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാർ ബുധനാഴ്ച വിധിയെഴുതും. സ്ഥാനാർഥി പ്രഖ്യാപനം മുതൽ പാലക്കാടിന്‍റെ രാഷ്‌ട്രീയ അടിത്തട്ട് വരെ കലക്കി മറിച്ച മുന്നണികൾ ചൊവ്വാഴ്ച നിശബ്ദ പ്രചാരണ ദിനവും വിവാദ വിസ്ഫോടനങ്ങളുമായി കളം നിറഞ്ഞു കളിച്ചു.

വോട്ടർമാർ പോളിങ് ബൂത്തുകളിലേക്ക് നീങ്ങുമ്പോൾ മൂന്നു മുന്നണികളും പ്രതീക്ഷയിലാണ്. യുഡിഎഫിന്‍റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കാൻ എൽഡിഎഫും, നിയമസഭയിൽ വീണ്ടും അക്കൗണ്ട് തുറക്കാൻ ബിജെപിയും ഇഞ്ചോടിച്ച് മത്സരിക്കുമ്പോൾ തീർത്തും പ്രവചനാതീതമാണ് മണ്ഡലത്തിന്‍റെ രാഷ്‌ട്രീയ മനസ്. ഇടതിന് എന്നും ബാലികേറാ മലയായ പാലക്കാട് പിടിച്ചെടുക്കാൻ ഏതറ്റം വരെയും പോകാൻ തയാറായാണ് കോൺഗ്രസ് വിട്ടുവന്ന ഡോ. പി. സരിനെ സിപിഎം സ്വതന്ത്ര സ്ഥാനാർഥിയാക്കിയത്. സരിന്‍റെ സ്ഥാനാർഥിത്വം മണ്ഡലത്തിലെ കോൺഗ്രസ് വോട്ടർമാർക്കിടയിൽ ഉണ്ടാക്കിയിട്ടുള്ള ഉൾപ്പിരിവിന്‍റെ ആഴത്തെ ആശ്രയിച്ചാണ് ഇടതിന്‍റെ സാധ്യത.

സരിൻ പോയതിന്‍റെ വിടവ് നികത്താൻ ബിജെപി നേതാവ് സന്ദീപ് വാര്യരെ കോൺഗ്രസിലെത്തിച്ചത് ബിജെപിയിൽ എത്രത്തോളം ആഘാതമുണ്ടാക്കിയിട്ടുണ്ടെന്നതാണ് ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറിന്‍റെ വിജയ സാധ്യതയെ ബാധിക്കുന്ന മുഖ്യഘടകം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്ന മെട്രൊ മാൻ ഇ. ശ്രീധരൻ വിജയത്തോടടുത്തെത്തിയ ശേഷം കോൺഗ്രസിന് തൊട്ടുപിന്നിലായി ഫിനിഷ് ചെയ്യേണ്ടി വന്നപ്പോൽ സിപിഎം മൂന്നാം സ്ഥാനത്തായിരുന്നു.

രാഷ്‌ട്രീയ സമവാക്യങ്ങൾക്കൊപ്പം തന്നെ സാമുദായിക സമവാക്യങ്ങളും പാലക്കാടിന്‍റെ വിധിയെഴുത്തിനെ ആഴത്തിൽ സ്വാധീനിക്കും. ബിജെപിക്കും ആർഎസ്എസിനും ആഴത്തിൽ വേരോട്ടമുള്ള സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രധാന മണ്ഡലമാണ് പാലക്കാട്. മണ്ഡലത്തിലെ സുന്നി വോട്ടുകളും നിർണായക ഘടകമാണ്. മു‌സ്‌ലിം വോട്ടുകളിൽ ഷാഫിക്കനുകൂലമായ ധ്രുവീകരണമുണ്ടായത് കോൺഗ്രസിന് വലിയ തുണയായിരുന്നു. ഇക്കുറി സന്ദീപ് വാര്യരുടെ വരവ് ഏതെങ്കിലും മുസ്‌ലിം വോട്ട് ബാങ്കിന്‍റെ വിപ്രതിപത്തിക്കിടയാക്കുമോ എന്നതും ഉറ്റുനോക്കപ്പെടുകയാണ്. ലീഗ് നേതൃത്വം ഇതിന്‍റെ ഗൗരവം മനസ്സിലാക്കി തന്നെ ഇടപെട്ടിട്ടുണ്ടെങ്കിലും മുസ്‌ലിം വോട്ട് ബാങ്കിൽ ഭിന്നിപ്പുണ്ടാക്കാനുള്ള സിപിഎം തന്ത്രം തെരഞ്ഞെടുപ്പിന്‍റെ തലേന്ന് രണ്ട് പ്രധാന സുന്നി മുഖപത്രങ്ങളിൽ ഒന്നാം പേജ് പരസ്യത്തിന്‍റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത് വലിയ വാക്പോരിനാണ് വഴി തുറന്നത്.

മൂന്നു സ്ഥാനാർഥികളിൽ രാഹുൽ മാങ്കൂട്ടത്തിലിന് വരത്തൻ പരിവേഷം സൃഷ്ടിച്ചു നൽകാൻ എതിരാളികൾ കിണഞ്ഞു പരിശ്രമിച്ചപ്പോൾ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള പ്രവർത്തകരെയും നേതാക്കളെയും പ്രചാരണത്തിനെത്തിച്ച് ഒരു പാൻ കേരളീയ പരിവേഷം നൽകാനാണ് യുഡിഎഫ് ശ്രമിച്ചത്. രാഹുലുമായി ബന്ധപ്പെട്ട് വ്യാജ ലിസ്റ്റ് വിവാദവും കള്ളപ്പണ വിവാദവുമടക്കം ആളിക്കത്തിക്കാൻ മറുപക്ഷം ശ്രമിച്ചപ്പോൾ അതിനെയെല്ലാം നനഞ്ഞ പടക്കമാക്കി മാറ്റാൻ യുഡിഎഫിന്‍റെ ഇലക്ഷൻ സ്ട്രാറ്റജിസ്റ്റുകൾ ഇറങ്ങിക്കളിച്ചു.

ഇരട്ട വോട്ട് തടയാൻ എഎസ്ഡി ലിസ്റ്റ്

മണ്ഡലത്തിൽ വ്യാപകമായി ഇരട്ട വോട്ടുകൾ ചേർത്തതായി കണ്ടെത്തിയിട്ടുള്ളതിനാൽ രാഷ്‌ട്രീയ പാർട്ടികളേക്കാൾ ജാഗ്രതയിലാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. വോട്ടിങ് സാമഗ്രികളുടെ വിതരണം ഇന്നലെ വൈകുന്നേരത്തോടെ ഗവ. വിക്‌റ്റോറിയാ കോളെജിൽ പൂർത്തിയായി. ഇരട്ട വോട്ടും കള്ളവോട്ടും വ്യാപകമായി കണ്ടെത്തിയിട്ടുള്ളതിനാൽ വോട്ടിങ് യന്ത്രത്തിനൊപ്പം പ്രിസൈഡിങ് ഓഫിസർമാർക്ക് എഎസ്ഡി (അബ്സന്‍റ്, ഷിഫ്റ്റ്, ഡെത്ത്) ലിസ്റ്റും നൽകിയിട്ടുണ്ട്. ഈ ലിസ്റ്റിലുള്ളവർ വോട്ടു ചെയ്യുന്നതിന് സത്യവാങ്മൂലം നൽകേണ്ടി വരും. തെറ്റായ സത്യവാങ്മൂലം നൽകുന്നവർക്കെതിരെ ക്രിമിനൽ നടപടിയെടുക്കാനാണ് ഇലക്ഷൻ കമ്മീഷന്‍റെ തീരുമാനം.

ഇരട്ട വോ‌ട്ടുള്ളവരുടെ പട്ടിക എല്ലാ രാഷ്‌ട്രീയ പാർട്ടികളും ശേഖരിച്ചിട്ടുണ്ട്. പട്ടികയി‌ലുള്ളവരെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്നാണ് സിപിഎം നേരത്തെ സ്വീകരിച്ചിരുന്ന നിലപാട്. പോളിങ് ബൂത്തിലെ ഏജന്‍റുമാർ ഈ നിലപാട് സ്വീകരിച്ചാൽ ബൂത്തുകളിൽ സംഘർഷാവസ്ഥയ്ക്കുള്ള സാധ്യതയും ഇലക്ഷൻ ഉദ്യോഗസ്ഥർ മുന്നിൽ കാണുന്നുണ്ട്.

Trending

No stories found.

Latest News

No stories found.