പാനൂർ ബോംബ് സ്ഫോടനത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു; പങ്കില്ലെന്ന് സിപിഎം

ഇരുവരും സിപിഎം പ്രവർത്തകരാണെന്നാണ് ആരോപണം
ഷെറിൻ
ഷെറിൻ
Updated on

കണ്ണൂർ: പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റവരിൽ ഒരാൾ മരിച്ചു. പാനൂർ കൈവേലിക്കൽ സ്വദേശി ഷെറിൻ (24) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ‌ ചികിത്സയിലിരിക്കെയാണ് അന്ത്യം. അപകടത്തിൽ പരുക്കേറ്റ വിനീഷിന്‍റെ നില ഗുരുതരമായി തുടരുകയാണ്.

ഇരുവരും സിപിഎം പ്രവർത്തകരാണെന്നാണ് ആരോപണം. അതേസമയം, സ്ഫോടനത്തിൽ സിപിഎമ്മിന് ബന്ധമില്ലെന്ന് വ്യക്തമാക്കി പാർട്ടി പാനൂർ ഏരിയ കമ്മിറ്റിപ്രസ്താവനയിറക്കി. സ്‌ഫോടനത്തില്‍ പരിക്കുപറ്റിയ ബിനീഷ്, ഷെറിന്‍ എന്നിവര്‍ സിപിഎം പ്രവര്‍ത്തകരെ അക്രമിച്ച കേസിലുള്‍പ്പെടെ പ്രതിയാണ്. ആ ഘട്ടത്തില്‍ തന്നെ ഇയാളെ പാര്‍ട്ടി തളളി പറഞ്ഞതുമാണ്. അത്തരം ഒരു സാഹചര്യത്തില്‍ സ്‌ഫോടനത്തില്‍ പരിക്കുപറ്റിയവര്‍ സിപിഎം പ്രവര്‍ത്തകര്‍ എന്ന നിലയിലുള്ള പ്രചരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വ്വം എതിരാളികള്‍ നടത്തുകയാണ്. സ്‌ഫോടനവുമായി ബന്ധപ്പെട്ടു സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു.

നിർമ്മാണത്തിലിരുന്ന വീടിന്‍റെ ടെറസിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സ്ഫോടനം. ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനം നടന്നത് എന്നാണ് സംശയം. മുളിയാന്തോട് ആളൊഴിഞ്ഞ വീടിന്റെ ടെറസിന് മുകളില്‍ വെച്ചാണ് സ്‌ഫോടനം നടന്നത്. സ്ഫോടനത്തിൽ ഷെറിന്‍റെ കൈപ്പത്തി അറ്റുപോയിരുന്നു. കൂടാതെ മുഖത്തും ഗുരുതര പരിക്കേറ്റിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Trending

No stories found.

Latest News

No stories found.