പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ യുവതി ഗുരുതര പരുക്കുകളോടെ വീണ്ടും ആശുപത്രിയില്‍

നേരത്തെ ഗാർഹിക പീഡനത്തിന് ഭര്‍ത്താവിനെതിരേ കേസെടുത്തിരുന്നെങ്കിലും യുവതി മൊഴി മാറ്റിയതിനാൽ ഹൈക്കോടതി കേസ് റദ്ദാക്കിയിരുന്നു
pantheerankavu domestic violence case woman hospitalized again
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതി ഗുരുതര പരിക്കുകളോടെ വീണ്ടും ആശുപത്രിയില്‍
Updated on

കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയായിരുന്ന യുവതിക്ക് വീണ്ടും മർദനമേറ്റു. ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ് ഇപ്പോൾ. യുവതിയുടെ കണ്ണിലും മുഖത്തുമാണ് പരുക്ക്. തിങ്കളാഴ്ച രാത്രി ഭര്‍ത്താവ് രാഹുല്‍ തന്നെയാണ് യുവതിയെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് അമ്മയെ യുവതിക്കൊപ്പം നിര്‍ത്തി രാഹുല്‍ സ്ഥലത്ത് നിന്നു കടന്നു കളഞ്ഞു.

രാഹുല്‍ തന്നെ പന്തീരാങ്കാവിലെ വീട്ടില്‍ വച്ചും ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴി ആംബുലന്‍സില്‍ വച്ചും മര്‍ദിച്ചെന്നും, തലയ്ക്കും ചുണ്ടിനും ഇടതു കണ്ണിനും മുറിവേറ്റെന്നും യുവതി പൊലീസിനു മൊഴി നല്‍കി. അതേസമയം, രാത്രി 11 മണിയോടെ പൊലീസ് മൊഴിയെടുക്കാൻ എത്തിയപ്പോൾ, തനിക്ക് പരാതിയില്ലെന്നും അച്ഛനും അമ്മയും വന്നാല്‍ സ്വന്തം നാട്ടിലേക്ക് മടങ്ങി പോകാന്‍ അനുവദിക്കണമെന്നും ഇവര്‍ പൊലീസിന് എഴുതി നല്‍കി.

പന്തീരാങ്കാവിലെ ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകൾ എടുക്കാന്‍ സഹായിക്കണമെന്നും ഇവർ പൊലീസിനോട് ആവശ്യപ്പെട്ടു. ഫറോഖ് അസിസ്റ്റന്‍റ് കമ്മീഷണര്‍ എ.എം. സിദ്ദിഖിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. യുവതിയുടെ ഭർത്താവ് രാഹുലിനെ പന്തീരാങ്കാവ് പൊലീസ് വിളിച്ചു വരുത്തിയിരുന്നു. യുവതിയുടെ മാതാപിതാക്കളെയും പൊലീസ് വിവരമറിയിച്ചു.

നേരത്തെ, പെണ്‍കുട്ടി നൽകിയ ഗാർഹിക പീഡനക്കേസ് പരിഗണിക്കുന്നതിനിടയില്‍ ഭര്‍ത്താവിനനുകൂലമായി യുവതി മൊഴി നല്‍കുകയും ഇതിനെ തുടർന്ന് ഹൈക്കോടതി കേസ് റദ്ദാക്കുകയം ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.