പത്തനംതിട്ട : രാജ്യത്ത് ഇന്ന് പ്രവർത്തനമാരംഭിച്ച 91 ആകാശവാണി എഫ്.എം ട്രാൻസ്മീറ്ററുകളിലൂടെ രാജ്യത്ത് റേഡിയോ മേഖലയിൽ വലിയ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 91 എഫ്.എം ട്രാൻസ്മിറ്ററുകളുടെ സ്വിച്ച് ഓൺ കർമ്മം വീഡിയോ കോൺഫറൻസിംഗ് വഴി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യവ്യാപകമായി എഫ്.എം റേഡിയോ പ്രക്ഷേപണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 85 ജില്ലകളിലായി 91 പുതിയ എഫ്.എം ട്രാൻസ്‌മിറ്ററുകളാണ് ഇന്ന് പ്രവർത്തനം ആരംഭിച്ചത്. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ അധ്യക്ഷത വഹിച്ചു.
പത്തനംതിട്ട മണ്ണാറമല എഫ്.എം ട്രാൻസ്മിറ്ററിന്റെ ഫ്രീക്വൻസി 101 മെഗാഹെർഡ്‌സ് മെഗാഹെർഡ്‌സാണ് 100 വാട്സാണ് ഈ ട്രാൻസ്മിറ്ററുകളുടെ പ്രസരണശേഷി. തിരുവനന്തപുരം ആകാശവാണി നിലയത്തിൽ നിന്നുള്ള പരിപാടികൾ രാവിലെ 5.10 മുതൽ രാത്രി 11. 10 വരെ തുടർച്ചയായി പ്രക്ഷേപണം ചെയ്യും. പ്രക്ഷേപണിയുടെ 15 കിലോമീറ്റർ ചുറ്റളവിലുള്ള എഫ് എം റേഡിയോ ശ്രോതാക്കൾക്കും എഫ് എം റേഡിയോ സൗകര്യമുള്ള മൊബൈൽ ഫോൺ ഉപഭോക്താക്കൾക്കും റേഡിയോ പരിപാടികൾ ലഭ്യമാകും. പത്തനംതിട്ടയിൽ മണ്ണാറമല ഉയർന്ന പ്രദേശമായതിനാൽ ജില്ലയിൽ 25 കിലോമീറ്റർ ചുറ്റളവിൽ പരിപാടികൾ ശ്രവിക്കാനാകും.ആന്റോ ആന്റണി എം.പി, അഡ്വ. ജനീഷ്കുമാർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ് ഓമല്ലൂർ ശങ്കരൻ ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ് ജോൺസൻ വിളവിനാൽ, ഡപ്യൂട്ടി ഡയറക്ടർ പി.ആർ ഷാജി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു