ലിഫ്റ്റിനുള്ളിൽ രോഗി കുടുങ്ങിയത് 48 മണിക്കൂർ; തിരുവനന്തപുരം മെഡിക്കൽ കോളെജിലെ 3 ജീവനക്കാർക്ക് സസ്പെൻഷൻ

ഉള്ളൂർ സ്വദേശിയായ 59 കാരൻ രവീന്ദ്രനാണ് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ലിഫ്റ്റിൽ കുടുങ്ങിയത്
patient rapped in lift thiruvananthapuram medical college hospital
തകരാറിലായ ലിഫ്റ്റ് | രവീന്ദ്രൻ നായർ
Updated on

തിരുവനന്തപുരം: തിരുവനന്തപുരത്ത് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ലിഫ്റ്റിനുള്ളിൽ രോഗി കുടുങ്ങിയ സംഭവത്തിൽ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ. 2 ലിഫ്റ്റ് ഓപ്പറേറ്റർമാരെയും ഡ്യൂട്ടി സർജന്‍റിനെയുമാണ് സസ്പെൻഡ് ചെയ്തത്. സംഭവം പുറത്തു വന്നതിനു പിന്നാലെ അടിയന്തര അന്വേഷണത്തിന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശിച്ചിരുന്നു. അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.

മെഡിക്കൽ കോളെജ് ആശുപത്രിയിൽ ലിഫ്റ്റിൽ 48 മണിക്കൂറാണ് രോഗി കുടുങ്ങിയത്. ഉള്ളൂർ സ്വദേശിയായ 59 കാരൻ രവീന്ദ്രനാണ് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ലിഫ്റ്റിൽ കുടുങ്ങിയത്. ഇദ്ദേഹത്തെ പുറത്തെത്തിച്ചത് തിങ്കളാഴ്ച പുലർച്ചെ 6 മണിക്കാണ്.

മെഡിക്കൽ കോളെജ് ഒപിയിൽ 4 ലിഫ്റ്റുകളാണുള്ളത്. ഇതിൽ ഒരു ലിഫ്റ്റിന് തകരാറുണ്ട്. നടുവ് വേദനയെ തുടർന്ന് അസ്ഥിവിഭാഗത്തിലെ ഡോക്‌ടറെ കാണാനായാണ് രവീന്ദ്രൻ ഒപി വിഭാഗത്തിലെത്തിയത്. രവീന്ദ്രൻ കയറിയത് തകരാറുള്ള ലിഫ്റ്റിലായിരുന്നു.

രവീന്ദ്രന്‍റെ ഫോൺ കേടായതിനാൽ അദ്ദേഹത്തിന് ലിഫ്റ്റിൽ കുടുങ്ങിയ വിവരം ആരെയും വിളിച്ചറിയിക്കനായില്ല. ലിഫ്റ്റിൽ തട്ടുകയും അലാറം അടിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതൊന്നും ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ലിഫ്റ്റ് ഓപ്പറേറ്റര്‍ ലിഫ്റ്റ് ലോക്ക് ചെയ്ത് പോകുകയും ചെയ്തു. ഞായാറാഴ്ചയായതിനാല്‍ അന്ന് ആരും ലിഫ്റ്റിനടുത്ത് എത്തുകയോ തുറക്കുകയോ ചെയ്തില്ല.

മെഡിക്കല്‍ കോളെജില്‍ വെച്ച് രവീന്ദ്രനെ കാണാതായതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്‍റെ കുടുംബം ആശുപത്രിയിൽ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇദ്ദേഹത്തെ കണ്ടെത്താനായില്ല. പിന്നീട് തിങ്കളാഴ്ച രാവിലെയോടെ ലിഫ്റ്റ് തകരാര്‍ പരിഹരിക്കുന്നതിനായി തൊഴിലാളികള്‍ എത്തി തുറന്നപ്പോഴാണ് അവശനിലയില്‍ രവീന്ദ്രനെ കണ്ടെത്തിയത്.

രവീന്ദ്രനെ മെഡിക്കൽ കോളെജിൽ തന്നെ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. രക്തസമ്മർദം സംബന്ധിച്ച ബുദ്ധിമുട്ടുകളല്ലാതെ അദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Trending

No stories found.

Latest News

No stories found.