കരുവന്നൂർ ബാങ്ക് തട്ടിപ്പ്: അവസാനിക്കാത്ത കാത്തിരിപ്പുകൾ
അജയൻ
മുന്നൂറ് കോടി രൂപയുടെ കരുവന്നൂർ ബാങ്ക് തട്ടപ്പ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലുകളും കോടതി നടപടികളും അവസാനമില്ലാത്തതു പോലെ തുടരുകയാണ്. നിക്ഷേപം തിരിച്ചുകിട്ടാനുള്ളവരുടെ കാത്തിരിപ്പുകളും അതുപോലെ തന്നെ. ബാങ്കിൽ പണമുണ്ടായിട്ടും ചികിത്സയ്ക്കു പോലും എടുക്കാനാവാത്ത രോഗികളുടെ ദുരിതം തുടരുന്നു. ഇതിനിടെ, മരിച്ചു പോയ നിക്ഷേപകരുടെ ജീവിതകാല സമ്പാദ്യം അനന്തരാവകാശികൾക്കു വിട്ടുകിട്ടാനുള്ള നൂലാമാലകളും കുരുങ്ങിത്തന്നെ കിടക്കുകയാണ്.
കഴിഞ്ഞ മാർച്ചിൽ മരിക്കുമ്പോൾ ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് വയസ് 98 ആയിരുന്നു. അവരുടെ മൂന്നു ലക്ഷം രൂപയാണ് സ്ഥിര നിക്ഷേപമായി കരുവന്നൂർ സർവീസ് സഹകരണ സംഘത്തിലുണ്ടായിരുന്നത്. ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് അതിൽ ചെറിയൊരു ഭാഗം മരിക്കും മുൻപ് തിരിച്ചുകിട്ടി. ബാക്കി തുകയ്ക്കുള്ള ചെക്ക് അനന്തരാവകാശിക്കു കിട്ടിയത് ഒരാഴ്ച മാത്രം മുൻപ്. അതും, രണ്ടു വർഷം മുൻപ് കാലാവധി കഴിഞ്ഞ നിക്ഷേപത്തിന് അതിനു ശേഷം ഒരു രൂപ പോലും പലിശ നൽകാതെ!
മരിച്ചുപോയ നിക്ഷേപകരുടെ പണം അനന്തരാവകാശികളുടെ അക്കൗണ്ടിലേക്കു കൈമാറുമെന്നാണ് ബാങ്ക് സിഇഒ മെട്രൊ വാർത്തയോടു പറഞ്ഞത്. എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ചെക്ക് നൽകാനാവാത്തതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്നും വിശദീകരണം. ബാങ്കുമായുള്ള നിരന്തര ചർച്ചകൾക്കൊടുവിൽ ഏതായാലും ലക്ഷ്മിക്കുട്ടിയമ്മയുടെ മകൾക്ക് ചെക്ക് തന്നെ കൈമാറിയിട്ടുണ്ട്.
എന്നാൽ, രോഗികളുടെ കാര്യത്തിൽ സ്ഥിതി അത്ര പോലും ആശാവഹമല്ല. ലക്ഷ്മിക്കുട്ടിയമ്മയുടെ മകൾക്ക് ഇപ്പോൾ 71 വയസുണ്ട്. ഒരു ശസ്ത്രക്രിയയ്ക്കു ശേഷം മാസങ്ങളോളം ബെഡ് റെസ്റ്റ് വേണ്ട അവസ്ഥയിലാണ്.
ഏഴു വർഷം മുൻപുണ്ടായ അപകടത്തെത്തുടർന്ന് കിടപ്പിലാകുകയും, പിന്നീട് ട്യൂമർ സ്ഥിരീകരിക്കുകയും ചെയ്ത ജോഷി എന്ന അമ്പത്തിമൂന്നുകാരൻ, ബാങ്കിൽ നിന്നു തന്‍റെ 72 ലക്ഷം രൂപ തിരിച്ചുകിട്ടാൻ ആത്മഹത്യാ ഭീഷണി വരെ മുഴക്കേണ്ടി വന്നിട്ട് അധികം കാലമായിട്ടില്ല. ഒടുവിൽ ദയാവധത്തിനു കോടതിയെ സമീപിക്കുന്ന അവസ്ഥ വരെ സംജാതമായ ശേഷമാണ് പണം മടക്കിനൽകാൻ ബാങ്ക് തയാറായത്.
നൂറു കോടി രൂപയിലധികം രൂപയാണ് ബാങ്ക് ഭരണം കൈയാളുന്ന സിപിഎം അനധികൃത മാർഗങ്ങളിലൂടെ ഇവിടെനിന്നു സമാഹരിച്ചതെന്നാണ് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. പ്രതികളുടെ ഭൂമി ഏറ്റെടുത്തത് ലേലം ചെയ്ത് നിക്ഷേപകരുടെ പണം മടക്കിക്കൊടുക്കണമെന്ന നിർദേശവും കോടതിയിൽ ഇഡി മുന്നോട്ടുവച്ചിരുന്നു.
2021ൽ മുൻ പഞ്ചായത്ത് അംഗം ടി.കെ. മുകുന്ദന്‍റെ ആത്മഹത്യയോടെയാണ് കരുവന്നൂർ തട്ടിപ്പിനെക്കുറിച്ച് പുറംലോകം അറിഞ്ഞുതുടങ്ങിയത്. താൻ എടുത്തിട്ടില്ലാത്ത 50 ലക്ഷം രൂപയുടെ വായ്പ തിരിച്ചടയ്ക്കാൻ സമ്മർദം മുറുകിയതോടെയായിരുന്നു മുകുന്ദന്‍റെ കടുംകൈ. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് അറിവുണ്ടായിരുന്നിട്ടും മറച്ചുവയ്ക്കാനുള്ള ശ്രമമാണ് സിപിഎമ്മിന്‍റെ ഭാഗത്തുനിന്നുണ്ടായത്.
കരുവന്നൂർ തട്ടിപ്പ് പുറത്തുവന്നതോടെ, സമാനമായ പല സംഭവങ്ങളും വിവിധ സഹകരണ സംഘങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. അന്വേഷണം പുരോഗമിക്കുമ്പോൾ രാഷ്‌ട്രീയ നേതാക്കൾ ഇതുമായി പരമാവധി അകലം പാലിക്കാൻ ശ്രമിക്കുന്നു. പെരുവഴിയിലാകുന്നത് ജീവിതകാല സമ്പാദ്യം മുഴുവൻ വിശ്വസിച്ച് നിക്ഷേപം നടത്തിയ സാധാരണക്കാരും.
മുൻ മന്ത്രി എ.സി. മൊയ്തീനും കേരള ബാങ്ക് വൈസ് പ്രസിഡന്‍റ് എം.കെ. കണ്ണനും അടക്കമുള്ളവർക്കു മേൽ സംശയത്തിന്‍റെ നിഴൽ വീഴുകയും, തൃശൂർ ജില്ലയിലെ പല പ്രമുഖ സിപിഎം നേതാക്കളും ചോദ്യം ചെയ്യപ്പെടുകയും ചെയ്തുകഴിഞ്ഞു. എന്നാൽ, തട്ടിപ്പ് പുറത്തുകൊണ്ടുവരുന്നതിൽ പ്രധാന പങ്ക് വഹിച്ച മുൻ എംഎൽഎ അനിൽ അക്കരയെപപോലുള്ള നിരീക്ഷകർ ഇപ്പോഴും ആശങ്കപ്പെടുന്നത്, അടുത്ത എഫ്ഐആർ സമർപ്പിക്കുമ്പോൾ, ചെറുമീനുകളെ ഇരകളാക്കി, തട്ടിപ്പിന്‍റെ മുഖ്യ ആസൂത്രകർ രക്ഷപെടുമെന്നാണ്.