പാലക്കാട്: ചൊവ്വാഴ്ചയുണ്ടായ അതിതീവ്രമഴയിൽ വെള്ളം മുങ്ങിയ പട്ടാമ്പി പാലത്തിലെ വെള്ളമിറങ്ങിയെങ്കിലും ഉടൻ ഗതാഗതത്തിനായി തുറന്നു കൊടുക്കില്ല. ബുധനാഴ്ച രാവിലെയാണ് പാലത്തിൽ നിന്നും വെള്ളമിറങ്ങിയത്. നിലവിൽ ഇരു വശങ്ങളിലേയും കൈവരികൾ ഒലിച്ചു പോയിട്ടുണ്ട്. റോഡിലെ ടാറും ഇളകിയിട്ടുണ്ട്.
ജലനിരപ്പ് താഴ്ന്നാൽ മാത്രമേ കൂടുതൽ തകരാറുകൾ മനസിലാവൂ. പൊതുമരാമത്ത് അധികൃതർ ബലക്ഷയ പരിശോധന നടത്തി മാത്രമേ പാലം തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്ന് മുഹമ്മദ് മുഹ്സിൽ എംഎൽഎ പറഞ്ഞു. ബലക്ഷയം ഇല്ലെന്ന് കണ്ടെത്തിയാലും കൈവരികള്‍ സ്ഥാപിക്കാനും ദിവസങ്ങളെടുക്കും. പാലം തുറക്കുന്നത് വരെ ഗതാഗതം വഴിതിരിച്ചുവിടേണ്ടിവരും. പാലക്കാട് -തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമാണ് പട്ടാമ്പി പാലം.