കോട്ടയം : സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ നേരത്തെ നടത്തിയ പ്രസ്താവനകൾ രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരിൽ മാത്രമാണെന്ന് ജനപക്ഷം നേതാവ് പി.സി. ജോർജ്. ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചനയിൽ പങ്കാളിയാക്കാൻ ശ്രമിച്ചതായും പി.സി. ജോർജ് പ്രതികരിച്ചു. സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോർട്ട് വന്നതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദല്ലാൾ നന്ദകുമാർ വഴി പിണറായി വിജയനെ കണ്ട ശേഷം പരാതിക്കാരി തന്നെ വന്ന് കാണുകയായിരുന്നു. പിണറായി പറഞ്ഞിട്ടാണ് വന്നതെന്ന് വിചാരിക്കുന്നു. ഒരു കുറിപ്പ് ഏൽപ്പിച്ച ശേഷം അതിലുള്ളതുപോലെ മാധ്യമങ്ങളോടും അന്വേഷണ സംഘത്തോടും പറയണമെന്നും പറഞ്ഞു. അത് പറ്റില്ലെന്ന് പറഞ്ഞു. സിബിഐ ഉദ്യോഗസ്ഥർക്കു കുറിപ്പ് കൈമാറി എന്നും പി.സി.ജോർജ് മാധ്യമങ്ങളോടു വെളിപ്പെടുത്തി.
ഇപ്പോൾ ഈ വിവാദം കുത്തിപ്പൊക്കുന്നതിനോട് യോജിപ്പില്ല. അത് കാലഹരണപ്പെട്ടു. ഉമ്മൻ ചാണ്ടി മോശമായി പെരുമാറി എന്ന് അവർ പറഞ്ഞപ്പോൾ സംശയിച്ചു. എന്നാൽ പറഞ്ഞ സാഹചര്യം കേട്ടപ്പോൾ തെറ്റിദ്ധരിച്ചു. സംഭവം തെറ്റാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ഉമ്മൻ ചാണ്ടി അങ്ങനെ പെരുമാറുന്നത് കണ്ടിട്ടില്ലെന്ന് മൊഴി നൽകിയെന്നും അദ്ദേഹം പറഞ്ഞു.
പരാതി വസ്തുത വിരുദ്ധമാണെന്ന് സിബിഐ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. പ്രസ്താവന നടത്തിയത് ശരിയാണെന്ന് അന്നത്തെ സാഹചര്യം വച്ച് വൈരാഗ്യം തീർത്താണെന്നും അദ്ദേഹം പറഞ്ഞ് അവർ എഴുതി തന്ന കടലാസ് സിബിഐ ഉദ്യോഗസ്ഥർക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു. അതോടെ താൻ പറഞ്ഞത് സത്യമാണെന്ന് സിബിഐ ഉദ്യോഗസ്ഥന് മനസിലായതായും പി.സി. ജോർജ് വ്യക്തമാക്കി.