തൃശൂർ: ശക്തമായ നീരൊഴുക്കിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പൊരിങ്ങൽക്കുത്ത് ഡാം ഉടൻ തുറക്കാൻ കലക്‌ടർ നിർദേശം നൽകി. ജലനിരപ്പ് 423 മീറ്ററായി ഉയർന്നതോടെ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
ഡാമിലെ ജലത്തിന്‍റെ അളവ് പരമാവധി ജലനിരപ്പായ 424 മീറ്ററിൽ ക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് തുറക്കാൻ അനുമതി നൽകിയത്. ആവശ്യമായ മുന്നറിയിപ്പുകൾ നൽകിയ ശേഷം ഡാമിന്‍റെ സ്പിൽവേ ഷട്ടറുകൾ ഉടൻ താഴ്ത്താനാണ് നിർദേശം. അധിക ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടുന്നതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കലക്‌ടർ ഉത്തരവിൽ പറയുന്നു.