പെരിങ്ങല്‍കുത്ത്, കല്ലാര്‍ക്കുട്ടി ഡാമുകൾ തുറന്നു, ജാഗ്രതാ നിര്‍ദേശം; ഇടുക്കിയില്‍ രാത്രിയാത്രാ നിരോധനം

രാത്രി 7 മുതൽ രാവിലെ 6 മണി വരെ ഇടുക്കിയില്‍ രാത്രിയാത്രാ നിരോധനം
Peringalkuthu and Kallarkutty Dam opened night travel ban in idukki
Peringalkuthu Damfile image
Updated on

തൃശൂര്‍: കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായതോടെ അതിരപ്പിള്ളി പെരിങ്ങല്‍കുത്ത് ഡാം തുറന്നു. ഡാമിലെ 2 ഷട്ടറുകള്‍ 2 അടി വീതമാണ് തുറന്നതെന്ന് ജില്ലാ ദുരന്ത പ്രതിരോധ വിഭാഗം അറിയിച്ചു. അധിക ജലം ഒഴുകിവരുന്നതിനാല്‍ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും പുഴയുടെ ഇരുകരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

424 മീറ്റർ പരമാവധി സംഭരണശേഷിയുള്ള ഡാമിലെ നിലവിലെ ജലനിരപ്പ് 423.50 മീറ്റര്‍ ആണ്. ചാലക്കുടി പുഴയില്‍ മത്സ്യബന്ധനത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പുഴയുടെ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കര്‍ശന നിയന്ത്രണവും സുരക്ഷയും ഏര്‍പ്പെടുത്താന്‍ ചാലക്കുടി, വാഴച്ചാല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ആളുകൾ പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതും ഫോട്ടോയെടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി.

ഇടുക്കി കല്ലാർകുട്ടി ഡാമിന്‍റെ 3 ഷട്ടറുകളും ഉയർത്തി. പാംബ്ല ഡാമും ഉടന്‍ തന്നെ തുറക്കുമെന്നാണ് വിവരം. മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്നാണ് ഈ രണ്ടു ഡാമുകളും തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കാന്‍ തീരുമാനിച്ചത്.

അതേസമയം, ഇടുക്കി ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ രാത്രികാല യാത്രയ്ക്ക് ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തി. രാത്രി 7 മുതൽ രാവിലെ 6 മണി വരെയാണ് ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയത്. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും ശക്തമായ മഴ, കാറ്റ് കോടമഞ്ഞ്, മണ്ണിടിച്ചില്‍ എന്നിവ ഉള്ളതിനാലുമാണ് രാത്രി യാത്രാനിരോധനം.

Trending

No stories found.

Latest News

No stories found.